ആടുജീവിതമാകണം മകൾ കാണുന്ന എന്റെ ആദ്യ സിനിമയെന്ന് തീരുമാനിക്കാൻ കാരണമുണ്ട്: പൃഥ്വിരാജ്
Entertainment news
ആടുജീവിതമാകണം മകൾ കാണുന്ന എന്റെ ആദ്യ സിനിമയെന്ന് തീരുമാനിക്കാൻ കാരണമുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th March 2024, 2:46 pm

തന്റെ ഒരു സിനിമ പോലും മകളെ കാണിച്ചിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. സ്ക്രീനിൽ മകൾ കാണുന്നത് അച്ഛനെയായിരിക്കുമെന്നും അതുകൊണ്ടാണ് ആ തീരുമാനം എടുത്തതെന്നും പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതത്തിനായി ഡേറ്റ് നൽകുമ്പോൾ മകൾ ജനിച്ചിട്ടില്ലെന്നും അലങ്കൃതയുടെ വളർച്ച ഈ സിനിമയ്ക്കൊപ്പം ആയിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഒരു സിനിമ പോലും മകളെ ഇതുവരെ കാണിച്ചിട്ടില്ല. സ്ക്രീനിൽ അവൾ കാണുന്നത് അച്ഛനെയായിരിക്കും. അതുകൊണ്ടാണ് അത്തരം ഒരു തീരുമാനം എടുത്തത്. ആടുജീവിതത്തിനായി ഡേറ്റ് നൽകുമ്പോൾ മകൾ ജനിച്ചിട്ടില്ല. മകളുടെ വളർച്ചയെല്ലാം ഈ സിനിമക്കൊപ്പം ആയിരുന്നു. ഭാവിയിൽ സിനിമ എന്തെന്ന് മനസിലാക്കാൻ അവൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം എന്നാണ് എന്റെ ആഗ്രഹം,’ പൃഥ്വിരാജ് പറഞ്ഞു.

 

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ്. യോദ്ധക്ക് ശേഷം റഹ്‌മാന്‍ കമ്മിറ്റ് ചെയ്ത ചിത്രം കൂടിയാണ് ആടുജീവിതം.

Content Highlight: Prithviraj says that aadujevitham  be the first movie my daughter sees