രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്ന പൃഥ്വി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായ പ്രകാശ് രാജിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. പ്രകാശ് രാജുമായി തനിക്ക് ഒരുപാട് കാലത്തെ പരിചയമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. താന്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ പ്രകാശ് രാജും ഉണ്ടായിരുന്നെന്നും ആ ചിത്രത്തില്‍ താന്‍ നായകനായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
പാരിജാതം എന്നായിരുന്നു ആ ചിത്രത്തിന്റെ പേരെന്നും അതില്‍ തന്റെ അച്ഛനായാണ് പ്രകാശ് രാജ് വേഷമിട്ടതെന്നും പൃഥ്വി പറഞ്ഞു. പിന്നീട് മൊഴി എന്ന ചിത്രത്തില്‍ തങ്ങള്‍ ഒന്നിച്ചെന്നും ആ സിനിമയില്‍ സുഹൃത്തുക്കളായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് കാലം പരിചയമുള്ള സുഹൃത്തുക്കളെപ്പോലെയാണ് ആ ചിത്രത്തില്‍ തങ്ങള്‍ പെരുമാറിയതെന്നും പിന്നീട് സിനിമയില്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായി അദ്ദേഹം മാറിയെന്നും പൃഥ്വി പറഞ്ഞു.
അദ്ദേഹത്തെ സാര്‍ എന്നാണോ, പ്രകാശ് രാജ് എന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലെന്നും തന്റെ ഒരു മെന്ററെപ്പോലെയാണ് പ്രകാശ് രാജെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യമായി നിര്‍മിച്ച ചിത്രത്തില്‍ പ്രകാശ് രാജും പ്രധാനവേഷം ചെയ്തിരുന്നെന്നും എന്നാല്‍ ചിത്രത്തിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നും പൃഥ്വി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘പ്രകാശ് രാജ് സാറുമായി എനിക്ക് ഒരുപാട് കാലത്തെ ബന്ധമുണ്ട്. സത്യത്തില്‍ എന്റെ ആദ്യ തമിഴ് പടം മുതല്‍ക്കേ ഞാനും അദ്ദേഹവും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. പാരിജാതം എന്നായിരുന്നു എന്റെ ആദ്യ തമിഴ് സിനിമയുടെ പേര്. ആ പടത്തില്‍ എന്റെ അച്ഛനായാണ് അദ്ദേഹം വേഷമിട്ടത്. പിന്നീട് മൊഴി എന്ന പടത്തില്‍ ഞങ്ങള്‍ വീണ്ടുമൊന്നിച്ചു. ആ പടത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു.
ഒരുപാട് കാലം പരിചയമുള്ള സുഹൃത്തുക്കളെപ്പോലെയായിരുന്നു ഞങ്ങള്‍. ആ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. നേരിട്ട് കാണുമ്പോള്‍ സാര്‍ എന്ന് വിളിക്കണോ, പ്രകാശ് എന്ന് വിളിക്കണോ എന്ന് ഇപ്പോഴും അറിയില്ല. എന്റെ ഒരു മെന്ററെപ്പോലെയാണ് അദ്ദേഹം. ഞാന്‍ ആദ്യമായി നിര്‍മിച്ച സിനിമയില്‍ പ്രകാശ് രാജ് ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഒരു രൂപ പോലും വാങ്ങാതെയാണ് അദ്ദേഹം അഭിനയിച്ചത്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj says Prakash Raj is like a mentor for him