| Tuesday, 29th October 2024, 8:07 pm

എല്ലാവരും മതി നിര്‍ത്താം എന്ന് പറഞ്ഞപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തത് ലാലേട്ടനാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പ്രഖ്യാപനം മുതല്‍ തന്നെ ഹൈപ്പിന്റെ കൊടുമുടിയില്‍ കയറിയ ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടുകയായിരുന്നു.

2019ല്‍ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിനെക്കൊണ്ട് പതിനാറും പതിനേഴ് ടേക്കുവരെ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ആ സമയത്തെല്ലാം അസിസ്റ്റന്റ് ഡയറക്ടേഴ്സും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമെല്ലാം മതിയെന്ന് പറയുമായിരുന്നെന്നും അപ്പോള്‍ തന്നെ സപ്പോര്‍ട്ട് ചെയ്തത് മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഞാന്‍ ചില സമയത്തെല്ലാം ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുവരെ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊരിക്കലും ലാലേട്ടന്റെ കുഴപ്പം കൊണ്ടല്ല. അപ്പോള്‍ എന്റെ അസ്സിസ്റ്റന്‍സും കൂടെ ഉള്ളവരുമൊക്കെ വന്ന് പറയും, ചേട്ടാ ഇത് പതിനേഴാമത്തെ ടേക്കാണ്. അദ്ദേഹം മടുത്തിട്ടുണ്ടാകും, ഇത്ര മതി ഇനി നിര്‍ത്താം എന്നൊക്കെ. അപ്പോഴൊക്കെ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ലാലേട്ടന്‍ തന്നെയാണ്.

പലപ്പോഴും എന്റെ നിര്‍മാതാവിനോടുപോലും ‘ആന്റണി അയാള്‍ അത് മനസ്സില്‍ കണ്ടപോലെ ചെയ്യട്ടെ’ എന്ന് ലാലേട്ടന്‍ പറയും. അങ്ങനെ എന്നെ സിനിമ ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് വരെ ലാലേട്ടനാണ്,’ പൃഥ്വിരാജ് പറയുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അബ്രാം ഖുറേഷിയായി മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: Prithviraj  Says Mohanlan Supported Him In The Most In Lucifer Film Set

We use cookies to give you the best possible experience. Learn more