നായകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. ഒരു പുതുമുഖസംവിധായകന്റെ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ഗ്രാന്‍ഡ് മേക്കിങ്ങായിരുന്നു ലൂസിഫറിന്റേത്. തന്റെ ഇഷ്ടനടനെ താന്‍ കാണാനാഗ്രഹിച്ച തരത്തില്‍ പൃഥ്വിരാജ് എന്ന സംവിധായകന്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ചത് പ്രേക്ഷകര്‍ക്ക് എക്കാലവും ആഘോഷിക്കാന്‍ കഴിയുന്ന സിനിമയായിരുന്നു.
ചിത്രത്തില്‍ ഏറ്റവും കൈയടി ലഭിച്ച രംഗങ്ങളിലൊന്നായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സെക്കന്‍ഡ് ഇന്‍ട്രോ. വളരെ സിമ്പിളായിട്ടുള്ള ഫസ്റ്റ് ഇന്‍ട്രോയെക്കാള്‍ പതിന്മടങ്ങ് വലുതായിരുന്നു സെക്കന്‍ഡ് ഇന്‍ട്രോ. തന്റെ വാഹനത്തെ പകുതിയില്‍ വെച്ച് മുടക്കിയ പൊലീസിനെ കാഴ്ചക്കാരനാക്കിക്കൊണ്ട് സ്റ്റീഫന്‍ നെടുമ്പള്ളി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന രംഗം തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു.
ഇപ്പോഴിതാ ആ സീനിന് പ്രചോദനമായത് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണെന്ന് പറയുകയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ എന്ന സ്റ്റാറിന്റെ ഓറയും സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെയും വലുപ്പം കാണിക്കേണ്ട സീനായിരുന്നു അതെന്നും അതിനായി തെരഞ്ഞെടുത്തത് രജിനികാന്ത് പണ്ട് പോയസ് ഗാര്‍ഡനില്‍ ചെയ്ത നടത്തവുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
താന്‍ അത് എവിടെയോ വായിച്ചിട്ടുണ്ടെന്നും അതിന്റെ സത്യാവസ്ഥ തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി തന്റെ വണ്ടി നിര്‍ത്തിച്ചപ്പോള്‍ രജിനികാന്ത് വണ്ടിയില്‍ നിന്ന് ഇറങ്ങി അടുത്തുള്ള കടയില്‍ നിന്ന് സിഗരറ്റ് വലിച്ച് നിന്നെന്നും അദ്ദേഹത്തെ കണ്ട് ആളുകള്‍ കൂടിയെന്നുമുള്ള കഥകളുണ്ടെന്നു പൃഥ്വിരാജ് പറഞ്ഞു. ആ സംഭവത്തെ തന്റേതായ രീതിയില്‍ റീക്രിയേറ്റ് ചെയ്യുകയായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ലൂസിഫറിലെ ആ ഓപ്പണിങ് സീന്‍ മോഹന്‍ലാലിന്റ ഓറ എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണെന്ന് പലരും പറഞ്ഞിരുന്നു. സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ വലുപ്പം എത്രമാത്രമുണ്ടെന്ന് കാണിക്കാനായിരുന്നു ആ സീന്‍. സത്യത്തില്‍ ആ സീന് പ്രചോദനം രജിനി സാറാണ്. അദ്ദേഹത്തിന്റെ ലൈഫില്‍ പണ്ട് അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഒരിക്കല്‍ ഷൂട്ടിനായി പോകുന്ന സമയത്ത് മന്ത്രിക്ക് പോകാന്‍ വേണ്ടി അദ്ദേഹത്തിന്റെ വണ്ടി പൊലീസ് തടഞ്ഞെന്നും അദ്ദേഹം വണ്ടിയില്‍ നിന്ന് ഇറങ്ങി നടന്നപ്പോള്‍ ആള്‍ക്കൂട്ടം കൂടിയെന്നും അതിന് ശേഷം ക്രൗഡിനെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടെന്നുമുള്ള കഥ എവിടെയോ വായിച്ചിട്ടുണ്ട്. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. ആ സംഭവത്തെ എന്റേതായ രീതിയില്‍ റീക്രിയേറ്റ് ചെയ്തതാണ് ലൂസിഫറിലെ ആ സീന്‍,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj says Lucifer opening scene was inspired from Rajnikanth’s life