തെലുങ്ക് സിനിമക്ക് ഇന്ന് ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണം അവിടുത്തെ ജനങ്ങളാണെന്ന് പൃഥ്വിരാജ്. ട്രാഫിക് ബ്ലോക്ക് ചെയ്യാനുള്ള സ്വീകാര്യമായ കാരണമാണ് സിനിമാ ഷൂട്ടിങ് എന്ന് തനിക്ക് മനസിലായത് ഹൈദരബാദില്‍ വെച്ചാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഹൈദരാബാദില്‍ നടന്ന കടുവ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ബ്രോ ഡാഡി സിനിമ മുഴുവന്‍ ഷൂട്ട് ചെയ്തത് ഹൈദരബാദ് സിറ്റിയിലാണ്. ആ സമയത്താണ് ഹൈദരാബാദ് കൂടുതലായും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റിയത്. റോഡുള്‍പ്പെടെ പല ഭാഗങ്ങളിലും ഷൂട്ട് ചെയ്തു. തെലുങ്ക് സിനിമക്ക് ഇന്നുണ്ടായിട്ടുള്ള നേട്ടങ്ങള്‍ക്ക് കാരണം ഇവിടുത്തെ ജനങ്ങളാണ്.
ഇവിടുത്തെ ജനങ്ങള്‍ക്ക് സിനിമയോടുള്ള സ്‌നേഹം കാണിച്ചു തരുന്ന ഒരു സംഭവമുണ്ടായി. പാക്ക് ഹയത്ത് ഹോട്ടലിന് മുമ്പില്‍ ഒരു രംഗം ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ അതിനായി ആ റോഡ് കുറച്ച് നേരത്തേക്ക് ബ്ലോക്ക് ചെയ്യണം. അഞ്ച് മിനിട്ട് മതി. പക്ഷേ വളരെ ബിസി ആയിട്ടുള്ള റോഡ് ആണ്.
എന്റെ അസിസ്റ്റന്‍സ് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതൊരു വലിയ പ്രശ്‌നമാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ വണ്ടി തടഞ്ഞപ്പോഴുണ്ടായ ആദ്യത്തെ പ്രതികരണം സിനിമാ ഷൂട്ടാണോ ഒകെ എന്നായിരുന്നു. ട്രാഫിക് ബ്ലോക് ചെയ്യാനായി പറയാന്‍ പറ്റുന്ന സ്വീകാര്യമായ ഒരു കാരണമാണ് സിനിമാ ഷൂട്ടിങ് എന്നത് എന്റെ കണ്ണ് തുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. നിങ്ങള്‍ സിനിമക്ക് നല്‍കുന്ന സ്‌നേഹത്തിന് നന്ദി,’ പൃഥ്വിരാജ് പറഞ്ഞു.
വിവേക് ഒബ്രോയിയും സംയുക്ത മേനോനും പ്രൊമോഷനില്‍ പങ്കെടുത്തിരുന്നു. ജൂണ്‍ 30നാണ് കടുവയുടെ റിലീസ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് കടുവ. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: prithviraj says It was in Hyderabad that he came to know that film shooting was an acceptable reason for blocking traffic