അഭിനയത്തിന് പുറമേ ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. 2009ല്‍ ദിഫന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യമായി പാടിയത്.
പൃഥ്വിരാജിന്റെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രത്തിലെ പുതിയ മുഖം എന്ന ഗാനം അക്കാലത്ത് തരംഗമായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഗായകനായി. ഏറ്റവുമൊടുവില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയത്തിലാണ് പൃഥ്വിരാജ് പാടിയത്.
എന്നാല്‍ തന്റെ പാട്ടുകള്‍ അത്ര ഇഷ്ടമില്ല എന്ന് പറയുകയാണ് പൃഥ്വിരാജ്. പാട്ട് പാടാന്‍ പറയുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് പതിവെന്നും പിന്നീട് അവര്‍ നിര്‍ബന്ധിക്കുമ്പോഴാണ് പാടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്നിലെ ഗായകനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.
‘എന്റെ പടങ്ങളില്‍ പാടണമെന്ന് പറയുമ്പോള്‍ ഉഴപ്പാറാണ് പതിവ് അല്‍ഫോണ്‍സ് എന്നെക്കൊണ്ടൊരു പാട്ട് പാടിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. മിക്കവാറും അത് പാടിക്കൊടുക്കേണ്ടി വരും. ബേസിക്കലി എന്റെ പാട്ട് ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. ആദ്യമായി പാടുമ്പോള്‍ പൃഥ്വിരാജ് പാടുന്നു എന്നൊരു കൗതുകം ഉണ്ടല്ലോ. അതിപ്പോള്‍ പോവുകേം ചെയ്തു. ഞാന്‍ പത്ത് പതിനഞ്ച് പാട്ട് പാടി.
അതുകൊണ്ട് ഞാനിപ്പോ പാട്ട് പാടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിശ്വസിക്കുന്നത്. പാട്ട് പാടിക്കാനായി എന്നെ സമീപിക്കുമ്പോള്‍ പ്രൊഫഷണല്‍ ഗായകരെക്കൊണ്ടു പാടിക്കുന്നതായിരിക്കും നല്ലത് എന്ന് ഞാന്‍ അവരോട് പറയാറുണ്ട്. പിന്നെ രാജുന്റെ സൗണ്ട് വേണമെന്നൊക്കെ പറഞ്ഞ് എന്നെ കണ്‍വിന്‍സ് ചെയ്യിക്കുന്നതാണ്,’ പൃഥ്വിരാജ് പറഞ്ഞു.
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ധ്രുവന്‍, ശാരി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായിക.
Content Highlight: prithviraj says It has been a long time since Alphonse forsing him to sing a song