| Wednesday, 20th December 2023, 1:53 pm

ലൂസിഫറിനെക്കാള്‍ എനിക്ക് ഇഷ്ടം ബ്രോ ഡാഡിയാണ്, അതിന് കാരണം....: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫറിനെക്കാള്‍ തനിക്ക് ഇഷ്ടം ബ്രോ ഡാഡിയാണെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ വളരെ സ്‌പെഷ്യലായ സിനിമയാണെന്നും എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്ത് വന്ന് ചെയ്ത ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൂസിഫര്‍ ഒരു സ്‌പെഷ്യല്‍ സിനിമയാണ്. എനിക്ക് ആ സിനിമ ഇഷ്ടമാണ്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ ലൂസിഫറിനെക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയാണ്. കാരണം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും ഒരുപാട് മാറിനില്‍ക്കുന്നതാണ് ആ ചിത്രം. ആ സിനിമ ഷൂട്ട് ചെയ്തിരിക്കുന്ന രീതി വെച്ചും, കോമഡി കൈകാര്യം ചെയ്തിരിക്കുന്നതും വെച്ച് നോക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ അതെന്റെ കംഫര്‍ട്ട് സോണല്ല. രണ്ട് ചിത്രങ്ങളിലൊന്ന് എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ബ്രോ ഡാഡി തെരഞ്ഞെടുക്കും. കാരണം ഞാനൊരിക്കലും ചെയ്യില്ലെന്ന് വിചാരിച്ച സിനിമ ആണത്,’ പൃഥ്വിരാജ് പറഞ്ഞു.

കെ.ജി.എഫ് ആണോ കെ.ജി.എഫ് 2 ആണോ ഇഷ്ടമെന്ന ചോദ്യത്തിന് കെ.ജി.എഫ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മോഹന്‍ലാലിനെയാണോ പ്രഭാസിനെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നും താരം മറുപടി പറഞ്ഞു.

സലാറാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്‌സ്‌ക്യൂറ എന്റര്‍ടെന്‍യ്‌മെന്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: Prithviraj says he likes Bro Daddy more than Lucifer

We use cookies to give you the best possible experience. Learn more