താനെന്നും അക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പൃഥ്വിരാജ്. അവരുമായി ഒരുപാട് സിനികള്‍ ചെയ്തിട്ടുണ്ടെന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം വിജയ് ബാബു അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കാന്‍ പാടുണ്ടായിരുന്നോ ഇല്ലയോ എന്ന് പറയാനാവില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പ്രസ് മീറ്റില്‍ പൃഥ്വിരാജ് പറഞ്ഞു.
‘അക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് സിനിമകള്‍ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്തു സംഭവിച്ചു എന്നത് അവരില്‍ നിന്നും നേരിട്ട് അറിഞ്ഞിട്ടുണ്ട്. അവള്‍ക്കൊപ്പമാണ്. അവരുടെ യാത്രയില്‍ ഒപ്പമുണ്ട്. ഞാന്‍ മാത്രമല്ല, അവരോടൊപ്പം വര്‍ക്ക് ചെയ്ത എല്ലാവരും.
അമ്മയുടെ യോഗത്തില്‍ പോയിട്ടില്ല. വിജയ് അവിടെ പോവാന്‍ പാടുണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്ക് പറയാനാവില്ല. അതിന്റെ ശരി തെറ്റുകളെ പറ്റി ആധികാരികമായി സംസാരിക്കാന്‍ സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചോ അല്ലാതെയോ എനിക്ക് അറിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.
നേരത്തെ കടുവ സിനിമയുമായി ബന്ധപ്പെട്ട കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ വെച്ച് അമ്മ സംഘടനയുടെ മീറ്റിങ്ങില്‍ ലൈംഗിക ആക്രമണ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്തതില്‍ പൃഥ്വിരാജിന്റെ നിലപാട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.
അമ്മയുടെ യോഗത്തില്‍ താന്‍ പങ്കെടുത്തില്ലെന്നും അവിടെ എന്താണ് നടന്നത് എന്ന് അറിയില്ലെന്നും അവിടെ നിന്ന് ഒരു ഇമെയില്‍ വരും അത് വായിച്ച ശേഷം മറുപടി പറയാമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
അതേസമയം, കടുവയിലെ വിവാദ രംഗങ്ങള്‍ നീക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. തെറ്റായ രീതിയില്‍ തന്നെയാണ് ആ രംഗം ചിത്രീകരിച്ചിരുന്നതെന്നും എന്നാല്‍ ആ രീതിയിലല്ല പ്രേക്ഷകരിലേക്ക് എത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞു. സംഭാഷണം ചിത്രത്തില്‍ നിന്നും മാറ്റുമെന്നും പുതിയ സംഭാഷണം അപ്‌ലോഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Prithviraj says he is with the survivoe and it is not possible to say whether Vijay should have attended the Amma meeting or not