Entertainment
ബ്രോ ഡാഡി മമ്മൂക്കയെ വെച്ച് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്, കഥ കേട്ട് അദ്ദേഹം പറഞ്ഞ മറുപടി കേട്ടപ്പോള്‍ ലാലേട്ടനെ അപ്പ്രോച്ച് ചെയ്തു: പൃഥ്വിരാജ്

നായകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. തന്റെ ഇഷ്ടനടനെ താന്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ പിറന്നത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ചിത്രമായിരുന്നു. ലൂസിഫറില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്നായിരുന്നു പൃഥ്വിയുടെ രണ്ടാമത്തെ സംവിധാനസംരംഭമായ ബ്രോ ഡാഡി.

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ കുട്ടിത്തം നിറഞ്ഞ വേഷമായിരുന്നു ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ കഥ ആദ്യം മമ്മൂട്ടിയോട് പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്.

ചിത്രത്തിന്റെ കഥ താന്‍ മമ്മൂട്ടിയോട് പറഞ്ഞിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ കാണുന്ന ബ്രോ ഡാഡിയില്‍ നിന്ന് കുറച്ച് വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈലില്‍ അത്യാവശ്യം റിച്ച് സെറ്റപ്പായിട്ടുള്ള പ്ലാന്ററായിരുന്നു ആദ്യത്തെ വേര്‍ഷനിലെ ജോണ്‍ കാറ്റാടിയെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.

പങ്കാളിയോട് ഒരുപാട് സ്‌നേഹമുള്ള റൊമാന്റിക്കായ കഥാപാത്രമായാണ് താന്‍ മമ്മൂട്ടിയെ മനസില്‍ കണ്ടതെന്നും അദ്ദേഹത്തിന്റെ ആ ഒരു വേര്‍ഷന്‍ ആരും അധികം പരീക്ഷിച്ചിരുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കഥ കേട്ട് മമ്മൂട്ടി ഇഷ്ടമായെന്ന് പറഞ്ഞെന്നും എന്നാല്‍ രണ്ട് സിനിമകള്‍ക്ക് ശേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ജോര്‍ജ് നിര്‍മിക്കുന്ന ഒരു സിനിമ അദ്ദേഹം കമ്മിറ്റ് ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അതെന്നും അതിനാല്‍ പെട്ടെന്ന് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചെന്നും പൃഥ്വി പറഞ്ഞു. അദ്ദേഹത്തെ കൂടുതല്‍ നിര്‍ബന്ധിക്കാന്‍ സാധിക്കാത്തതിനാല്‍ താന്‍ മോഹന്‍ലാലിനെ അപ്പ്രോച്ച് ചെയ്‌തെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ബ്രോ ഡാഡിയുടെ കഥ ഞാന്‍ ആദ്യം പറഞ്ഞത് മമ്മൂക്കയോടായിരുന്നു. ഇപ്പോള്‍ കാണുന്ന ജോണ്‍ കാറ്റാടിയായിരുന്നില്ല ആ കഥയില്‍. കുറച്ച് വ്യത്യാസങ്ങളുണ്ടായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈലിലുള്ള ഒരു കഥാപാത്രമായിരുന്നു. കുറച്ച് പ്ലാന്റേഷനൊക്കെയുള്ള, അത്യാവശ്യം റിച്ചായിട്ടുള്ള കഥാപാത്രമായിരുന്നു അത്.

ഭാര്യയോട് ഒരുപാട് റൊമാന്റിക്കായിട്ടുള്ള ഒരു ഷേഡ് ആ കഥാപാത്രത്തിന് കൊടുക്കാനായിരുന്നു ഉദ്ദേശം. മമ്മൂക്കയെ അങ്ങനെ അധികം കണ്ടിട്ടില്ലല്ലോ. മമ്മൂക്കക്ക് കഥ ഇഷ്ടപ്പെട്ടു. കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ക്ക് ശേഷം ഇത് ചെയ്യാമെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അദ്ദേഹം പറഞ്ഞതുപോലെ കുറച്ച് കാത്തിരുന്നിട്ട് ആ പടം ചെയ്യാമായിരുന്നു.

പക്ഷേ, കൊവിഡ് സമയമായതുകൊണ്ട് ആ പ്രൊജക്ട് പെട്ടെന്ന് ചെയ്യണമായിരുന്നു. മമ്മൂക്കയുടെ ഏറ്റവുമടുത്ത സുഹൃത്ത് ജോര്‍ജേട്ടന്‍ പ്രൊഡ്യൂസ് ചെയ്യുന്ന പടമായിരുന്നു അദ്ദേഹം കമ്മിറ്റ് ചെയ്തത്. എനിക്ക് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലല്ലോ. അങ്ങനെ ആ പ്രൊജക്ട് ലാലേട്ടനിലേക്കെത്തി. മമ്മൂക്കയോട് കഥ പറഞ്ഞെന്ന് ലാലേട്ടനും അറിയാമായിരുന്നു,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj says he first narrated the script of Bro Daddy to Mammootty