|

അവസരമുണ്ടായിട്ടും രജിനി സാറിനെ വെച്ച് ഞാന്‍ സിനിമ ചെയ്യാത്തതും ബ്രോ ഡാഡി ചെയ്തതിനും കാരണമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ ചിത്രത്തിലൂടെത്തന്നെ താനൊരു മികച്ച സംവിധായകനും കൂടിയാണെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി.

ബ്രോ ഡാഡി എന്ന ചിത്രത്തെ കുറിച്ചും അവസരമുണ്ടായിട്ടും രജിനികാന്തിനെ വെച്ച് സിനിമയെടുക്കാത്തതിനെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. താന്‍ ഒരിക്കലും ഒരു താരത്തിന് വേണ്ടിയല്ല സിനിമ എടുക്കുന്നതെന്നും എങ്ങനെയാണ് അതെന്ന് തനിക്കറിയില്ലെന്നും പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘മോഹന്‍ലാല്‍ – പൃഥ്വിരാജ് ഫിലിം ആയിട്ടല്ല ബ്രോ ഡാഡി എന്റെ അടുത്തേക്ക് വരുന്നത്. വെറും സ്‌ക്രിപ്റ്റ് മാത്രമായിട്ടാണ് ബ്രോ ഡാഡി എന്റെ അടുത്തേക്ക് വരുന്നത്. കൊവിഡിന്റെ സമയത്ത് സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രീജിത്ത് എന്റെ അടുത്ത് വന്നിട്ട് ‘എന്റെ കയ്യില്‍ ഒരു സ്‌ക്രിപ്റ്റുണ്ട്. നിനക്കിത് വേണോ’ എന്ന് ചോദിച്ചു. വേണോ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ‘സ്‌ക്രിപ്റ്റ് വാങ്ങുന്നുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു.

അങ്ങനെ ഞാന്‍ വായിച്ച് നോക്കിയിട്ട് ആ സ്‌ക്രിപ്റ്റ് വാങ്ങി. ആ സമയത്ത് ഇതൊരു മോഹന്‍ലാല്‍ സിനിമയായിരിക്കുമെന്നോ ഒന്നും എനിക്കറിയില്ല. കേരളത്തിലെ തിയേറ്ററുകളെല്ലാം ആ സമയത്ത് അടച്ചിട്ടിരിക്കുകയിരുന്നു. ആന്ധ്രയിലും തെലങ്കാനയിലും എല്ലാം ആ സമയത്ത് സിനിമകളുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ മാത്രം ഷൂട്ടിങ്ങിനുള്ള പെര്‍മിഷന്‍ കൊടുക്കാന്‍ തുടങ്ങിയില്ലായിരുന്നു.

ഞാനും മോഹന്‍ലാല്‍ സാറും ഒരേ ബില്‍ഡിങ്ങിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഞങ്ങള്‍ ഇടക്കിടക്ക് കാണുമായിരുന്നു. ആ സമയത്ത് ‘ലാലേട്ടാ ഒരു സിനിമ നമുക്ക് ചെയ്താലോ’ എന്ന് ഞാന്‍ ചോദിച്ചു. ചെയ്യാമെന്ന് അദ്ദേഹവും പറഞ്ഞു. ഒരു ചെറിയ യൂണിറ്റിനെ മാത്രമെടുത്ത് ഞങ്ങള്‍ ഹൈദരാബാദില്‍ പോയി ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ബ്രോ ഡാഡി എന്ന സിനിമ സംഭവിക്കുന്നത്.

ഒരിക്കലും ഒരു താരത്തിന് വേണ്ടിയല്ല ഞാന്‍ ആ സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് രജിനി സാറിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ എനിക്ക് അവസരം വന്നിട്ടും ഞാനത് ചെയ്യാത്തത്. ഒരു താരത്തിന് വേണ്ടി സിനിമ ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് ആലോചിക്കാന്‍ കഴിയില്ല. അത് എനിക്ക് ചേരാത്തപോലെയാണ് തോന്നിയിട്ടുള്ളത്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj says he does not make films for Stars

Video Stories