| Monday, 27th June 2022, 4:52 pm

ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാനായി വിളിച്ചിരുന്നു, സൈറ നരസിംഹ റെഡ്ഡിയിലേക്ക് വിളിച്ചപ്പോഴും പോവാന്‍ പറ്റിയില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധനത്തിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. കേരളത്തിന് പുറത്തേക്കും ശ്രദ്ധ നേടിയ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ചിരഞ്ജീവിയാണ് തെലുങ്കില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്നത്. ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാനായി തന്നെ വിളിച്ചിരുന്നു എന്ന് പറയുകയാണ് പൃഥ്വിരാജ്. കടുവയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ചിരഞ്ജീവി സാര്‍ ഗോഡ്ഫാദര്‍ ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം. ലൂസിഫറിന് ശേഷം ചിത്രം തെലുങ്കിലേക്കും സംവിധാനം ചെയ്യുമായിരുന്നെങ്കില്‍ ചിരഞ്ജീവി സാര്‍ തന്നെയാകുമായിരുന്നു എന്റെയും ഫസ്റ്റ് ചോയിസ്. പക്ഷേ ഷൂട്ടിങ് തിരക്കുകള്‍ കാരണം എനിക്കത് ചെയ്യാന്‍ പറ്റിയില്ല. എന്നാല്‍ ചിരഞ്ജീവി സാര്‍ തന്നെ ഗോഡ്ഫാദര്‍ ചെയ്യുന്നതില്‍ വളരെ സന്തോഷം. ആ കഥാപാത്രത്തിനുള്ള ഏറ്റവും യോജിച്ച നടന്‍ അദ്ദേഹം തന്നെയാണ്.

ചിരഞ്ജീവി സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. ആരാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്തത്. എല്ലാവര്‍ക്കും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യം കാണും. അദ്ദേഹത്തെ നായകനാക്കി സംവിധാനം ചെയ്യാനുള്ള ചില ആശയങ്ങള്‍ ആലോചിക്കുന്നുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

‘സൈറ നരസിംഹ റെഡ്ഡിയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിലായതിനാല്‍ എനിക്ക് അതില്‍ അഭിനയിക്കാന്‍ പറ്റിയില്ല. ആ സിനിമയുടെ ഷൂട്ട് ഇനിയും അവസാനിച്ചിട്ടില്ല, ആടുജീവിതിമാണത്. സൈറ നിരസിംഹ റെഡ്ഡിയിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഡേറ്റില്ലായിരുന്നു.

ഗോഡ്ഫാദര്‍ സംവിധാനം ചെയ്യാനും ഗോഡ്ഫാദറിന്റെ ചില നിര്‍മാതാക്കള്‍ എന്നെ സമീപിച്ചിരുന്നു. അപ്പോഴും ആടുജീവിതം തന്നെയാണ് തടസമായി നിന്നത്. ഈശ്വരന്‍ അനുവദിച്ചാല്‍ എന്നെങ്കിലും ചിരഞ്ജീവി സാറിനൊപ്പം വര്‍ക്ക് ചെയ്യാനാവും എന്നാണ് ഞാന്‍ കരുതുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj says he could not go when he was called to direct the Telugu remake of the movie lucifer

We use cookies to give you the best possible experience. Learn more