ഓണ്‍ലൈന്‍ മീഡിയകളെ ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല, അതാണ് അവരുടെ അഡ്വാന്റേജ്: പൃഥ്വിരാജ്
Film News
ഓണ്‍ലൈന്‍ മീഡിയകളെ ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല, അതാണ് അവരുടെ അഡ്വാന്റേജ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th July 2022, 9:15 am

സിനിമാ മേഖലക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ ആണെന്ന് പൃഥ്വിരാജ്. യൂസേഴ്‌സില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടാക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളാണെന്നും അതിനാല്‍ ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും ഒഴിവാക്കാന്‍ പറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയില്‍ കടുവ സിനിമക്കായി നടത്തിയ പ്രസ് മീറ്റിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

‘ഓണ്‍ലൈന്‍ മീഡിയയുടെ അഡ്വാന്റേജ് എന്താണെന്ന് വെച്ചാല്‍ നിങ്ങളെ ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല. കാരണം നിങ്ങള്‍ (ഫോണുയര്‍ത്തി കാണിച്ച്) ഇവിടുണ്ട്. ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ എടുത്തിട്ട് ഞാന്‍ പിന്നെ വിളിക്കാമേ എന്ന് പറഞ്ഞിട്ട് നോക്കിയാല്‍ നാല് നോട്ടിഫിക്കേഷന്‍ കാണും. എന്നാല്‍ പിന്നെ ആ നോട്ടിഫിക്കേഷന്‍ നോക്കാമെന്ന് വിചാരിക്കും.

മേ ഐ കമിങ് എന്നൊരു ചോദ്യം നിങ്ങള്‍ക്ക് ചോദിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. സത്യം പറഞ്ഞാല്‍ ഗ്രൗണ്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്വധീനമുള്ളത് ഓണ്‍ലൈന്‍ മീഡിയകള്‍ക്കാണ്. പ്രിന്റ് മീഡിയ പബ്ലിസിറ്റിയും ഔട്ട്‌ഡോര്‍ പബ്ലിസിറ്റിയും നോക്കുമ്പോള്‍ നിങ്ങള്‍ക്ക് കാശ് ചിലവാകുന്നില്ല. യൂസ് ചെയ്യുന്നവര്‍ അവര്‍ അറിയാതെ തന്നെ പേ ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം. പക്ഷേ പ്രൊഡ്യൂസര്‍ക്ക് ഇത് ഫ്രീ ആണ്.

ഇന്ന് സിനിമാ മേഖലക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ ആണ്. യൂസേഴ്‌സില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടാക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളാണ്. അതിനെ പറ്റി ഞങ്ങള്‍ പൂര്‍ണ ബോധവാന്മാരാണ്.

 

പിന്നെ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഒരു ഓണ്‍ലൈന്‍ മീഡിയ തുടങ്ങാനും എഴുപ്പമാണ്. അതുകൊണ്ട് ഓരോ സിനിമ കഴിയുമ്പോഴും നിങ്ങളുടെ എണ്ണം കൂടുകയാണ്. ഇന്നൊരു പ്രൊമോഷന് 25 മീഡിയ വരുന്നുണ്ടെങ്കില്‍ അടുത്ത പ്രൊമോഷന് ഒരു 45 ഓണ്‍ലൈന്‍ ചാനലിന്റെ ലിസ്റ്റ് കിട്ടും. അതിനെ റെഗുലേറ്റ് ചെയ്യുന്നതും കണ്‍ട്രോള്‍ ചെയ്യുന്നതും എങ്ങനെയാണെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight:  Prithviraj SAYS Even thinking of avoiding online media is not possible and that is their advantage