| Monday, 4th July 2022, 5:18 pm

എനിക്ക് മുമ്പേ ദുല്‍ഖര്‍ ഇത് ചെയ്തതാണ്, അങ്ങനെ അവകാശപ്പെടാന്‍ പറ്റില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനാവുന്ന കടുവ റിലീസിനൊരുങ്ങുകയാണ്. ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായി വിദേശരാജ്യങ്ങളിലേതുള്‍പ്പെടെ പല നഗരങ്ങളില്‍ പ്രൊമോഷന്‍ നടക്കുന്നുണ്ട്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് കടുവ എത്തുന്നത്. ഇതിലൂടെ മലയാളത്തേയും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുകയാണോ എന്നതിന് ഉത്തരം പറയുകയാണ് പൃഥ്വിരാജ്.

കടുവയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. കടുവ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങുകയും അതിലെ നടന്‍ തന്നെ എല്ലായിടത്തും പോയി പ്രൊമോഷന്‍ ചെയ്യുകയും ചെയ്യുന്നു, എന്നില്‍ നിന്നും ഒരു തുടക്കമാവട്ടെ എന്ന് വിചാരിച്ചാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

‘ഇതിന് തുടക്കമിട്ടത് ഞാനാണെന്ന് എനിക്ക് അവകാശപ്പെടാന്‍ പറ്റില്ല. എനിക്ക് മുമ്പ് കുറിപ്പിനായി ദുല്‍ഖര്‍ ഇത് ചെയ്തതാണ്. ദുല്‍ഖര്‍ എല്ലാ നഗരങ്ങളിലും പോയി കുറുപ്പ് പ്രൊമോട്ട് ചെയ്തു. അതിന്റെ ഗുണം കുറുപ്പിനും ദുല്‍ഖറിനുമൊക്കെ കിട്ടിയതാണ്. ആ ഒരു സിനിമ അങ്ങനെ സംഭവിച്ചു. പിന്നെ അത് നിന്നു. എനിക്ക് തോന്നുന്നത് ഇത് ഇനി ഒരു നോമാവണം.

കടുവയാണെങ്കിലും ജന ഗണ മനയാണെങ്കിലും അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്യുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഈ സിനിമ കാണുന്നവര്‍ക്ക് ഓപ്ഷന്‍ കൊടുക്കാന്‍ വേണ്ടിയാണ്. ഒന്നുകില്‍ സബ്‌ടൈറ്റില്‍ ചൂസ് ചെയ്യാം. അല്ലെങ്കില്‍ ഇഷ്ടമുള്ള ഓഡിയോ ട്രാക്ക് ചൂസ് ചെയ്യാം. ആ ഓപ്ഷന്‍ തിയേറ്ററുകളില്‍ എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് ചിന്തിക്കുന്നുണ്ട്.

ദേശീയ തലത്തില്‍ ജനങ്ങളോട് പറയേണ്ടതുണ്ട് നമ്മുടെ സിനിമ വരുന്നുണ്ടെന്ന്. അങ്ങനെ ഒരു നോം(norm) വരണം. അതിന് ഒരു തുടക്കം കിട്ടണം. ഇനി വരാനിരിക്കുന്ന എല്ലാ വലിയ സിനിമകളും ഇങ്ങനെ തന്നെ റിലീസാവണം. അത് എന്റെ സിനിമകള്‍ എന്നല്ല. മലയാളത്തിലെ വലിയ സിനിമകളെങ്കിലും ഇത്തരത്തില്‍ റിലീസ് ചെയ്യണം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight:  Prithviraj says Dulquer salman did started the trend of pan indian promotion of movies in malayalam 

We use cookies to give you the best possible experience. Learn more