അഭിനേതാവെന്ന നിലയില്‍ തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് പൃഥ്വിരാജ്. മാസ് മസാല പടങ്ങളോട് തനിക്ക് ഇഷ്ടം കുറഞ്ഞു തുടങ്ങിയെന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഒരു പ്രേക്ഷകനെന്ന നിലയില്‍ അത്തരം സിനിമകള്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്ന കാലമുണ്ടായിരുന്നു. തിയേറ്ററില്‍ പോയി കയ്യടിയും കൂക്കുവിളിയുമായി പടം കാണുന്ന സമയം. പോക്കിരിരാജ പോലുള്ള സിനിമകളോടുള്ള ഇഷ്ടം മെല്ലെ കുറഞ്ഞു തുടങ്ങിയെന്നും ആ സമയത്ത് ചെയ്തുപോയതാണ് അത്തരം പടങ്ങളെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രായം കൂടുന്നതുകൊണ്ടാണോ അത്തരം സിനിമകളോട് ഇഷ്ടം കുറഞ്ഞതെന്ന് അറിയില്ലെന്നും തനിക്ക് ഇഷ്ടപ്പെട്ട സിനിമയല്ലേ ചെയ്യാന്‍ പറ്റൂവെന്നും പൃഥ്വിരാജ് പറയുന്നു.
തന്നിലെ സിനിമാ നിര്‍മാതാവിനെക്കുറിച്ചും പൃഥ്വിരാജ് പറയുന്നുണ്ട്.
സിനിമാ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഒരു കണ്‍ഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
മാത്രമല്ല നിര്‍മ്മാണച്ചെലവുകള്‍ ഏറ്റെടുത്ത ഒരു സിനിമയും എട്ട് കോടി നേടി വലിയ വിജയമാകണമെന്ന ലക്ഷ്യത്തില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘ഉറുമി എന്ന പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണ്, ആ പടം ചെയ്യരുത് എന്നാണ്. ഇന്ത്യന്‍ റുപ്പി പ്രൊഡ്യൂസ് ചെയ്യുമ്പോഴും ആ സിനിമയുടെ തീം നോക്കിയാണ് ചെയ്തത്. അല്ലാതെ ഒരു കൊമേഷ്യല്‍ സിനിമയാക്കിയെടുക്കാനുള്ള ഘടകങ്ങള്‍ അതില്‍ ഉണ്ടായിരുന്നില്ല. നല്ല സിനിമകള്‍ നമ്മുടെ കമ്പനിയിലൂടെ നിര്‍മിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.