മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതിയിലെ രാഷ്ട്രീയം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഘപരിവാര്‍ അനുകൂലമായ രാഷ്ട്രീയമാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്ന വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കുരുതി സംസാരിക്കുന്നത് മതത്തെ കുറിച്ചല്ലെന്ന നടന്‍ പൃഥ്വിരാജിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയായി മാറുന്നത്.
ഫിലിം കമ്പാനിയനിലെ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അനുപമ ചോപ്രയുടെ ചോദ്യങ്ങള്‍ക്ക് പൃഥ്വി മറുപടി പറയുന്നത്. മറ്റു ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തില്‍ മതം ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകള്‍ ഉണ്ടല്ലോ എന്നായിരുന്നു ചോദ്യം. മാലികിനെയും കുരുതിയെയും പരാമര്‍ശിച്ചുകൊണ്ടാണ് അനുപമ ചോദിച്ചത്.
ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘മാലിക് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല. ഇനി കുരുതിയിലേക്ക് വരികയാണെങ്കില്‍, കുരുതി മതത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല.
സിനിമയുടെ കഥക്ക് പശ്ചാത്തലമാകുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് മതം. ആര്‍ക്കും തടയാനാകാത്ത അക്രമത്തിന്റെ ഒഴുക്ക് അചഞ്ചലമായ വിശ്വാസത്തെ കണ്ടുമുട്ടുന്നിടത്താണ് കുരുതിയിലെ കഥ നടക്കുന്നത്.
കുരുതിയിലെ ഇന്റര്‍വെല്‍ സമയത്ത് കാണിക്കുന്ന ആ ഇമേജാണ് സിനിമയുടെ ആകെത്തുക. ഇനി കുരുതിയില്‍ നിന്നും മതത്തെ മാറ്റി വേറെ ഒരു കാര്യത്തെയാണ് വെക്കുന്നതെന്ന് വെക്കുക, അപ്പോഴും സിനിമ ഇങ്ങനെ തന്നെയായിരിക്കും.
ഒരു കൂട്ടം ആളുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അവരെ നിങ്ങള്‍ ഏറ്റവും അറ്റത്തിലേക്ക് തള്ളിവിടുകയാണ്. അവര്‍ക്ക് എത്രമാത്രം താങ്ങാനാകുമെന്നാണ് സിനിമ കാണിക്കുന്നത്. അവരുടെ നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ എത്ര ദൂരം വരെ പിടിച്ചുനില്‍ക്കുമെന്നാണ് ചിത്രം നോക്കുന്നത്.
പിന്നെ സെന്‍സിറ്റീവായതോ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാവുന്നതോ ആയ വിഷയങ്ങളെടുക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്, ആ സിനിമയില്‍ ഒരു പ്രൊപഗണ്ടയില്ലെങ്കില്‍ എനിക്കത് ചെയ്യാന്‍ ഒരു പ്രശ്നവുമില്ല.
വസ്തുതാപരമായി കാര്യങ്ങളെ അവതരിപ്പിക്കണം. കുരുതി അത്തരത്തിലുള്ള സിനിമയാണ്. കാര്യങ്ങളെ ഏറ്റവും വസ്തുനിഷ്ഠമായി സമീപിച്ച ചിത്രമാണ് കുരുതി.
ആരാണ് ശരി ആരാണ് തെറ്റ് എന്നോ, ആരുടേതാണ് ശരിയായ മതം ആരുടേതാണ് തെറ്റായ മതം എന്നോ, അങ്ങനെയൊന്നും കുരുതി കാണിക്കുന്നില്ല. കുറച്ച് മനുഷ്യരെയാണ് ചിത്രം കാണിക്കുന്നത്. സിനിമ പ്രേക്ഷകനോട് സംവദിക്കുകയാണ്, ചോദ്യങ്ങള്‍ ചോദിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.
അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.