പുതിയ ചിത്രം കോള്‍ഡ് കേസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളും തുറന്നുപറയുകയാണ് നടന്‍ പൃഥ്വിരാജ്.
കോള്‍ഡ് കേസിന്റെ സംവിധായകന്‍ തനു ബാലകുമായി ബന്ധപ്പെട്ട കാര്യമാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത്. തനു നല്ലൊരു ഛായാഗ്രാഹകന്‍ ആണെന്നും താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനുവും സഹോദരനും ചെയ്ത വീഡിയോകള്‍ ആരാധനയോടെ കണ്ടിട്ടുണ്ടെന്നുമാണ് പൃഥ്വി പറയുന്നത്.
‘തനു ജയരാജ് സാറിന്റെയൊക്ക സിനിമകള്‍ക്കെല്ലാം ക്യാമറ ചെയ്തിട്ടുള്ളയാളാണ്. ഞങ്ങളൊക്കെ പണ്ട് തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്ത് തനുവും സഹോദരനുമായിരുന്നു അവിടുത്തെ ഫിലിം മേക്കിങ് സൂപ്പര്‍സ്റ്റാറുകള്‍. അവര്‍ ചെയ്തിരുന്ന മ്യൂസിക്ക് വീഡിയോകളാണ് ഞാനൊക്കെ സ്‌കൂളില്‍ പോകുമ്പോള്‍ ‘ഇവന്‍മാര് കൊള്ളാമല്ലോ’ എന്ന് പറഞ്ഞ് ആരാധനയോടെ കണ്ടിട്ടുള്ളത്,’ പൃഥ്വിരാജ് പറയുന്നു.
കോള്‍ഡ് കേസിന്റെ ക്യാമറ നിര്‍വഹിച്ചത് ജോമോന്‍ ടി. ജോണും ഗിരീഷ് ഗംഗാധരനും ചേര്‍ന്നാണ്. ജോമോനും ഗിരീഷും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്നും രണ്ടു പേര്‍ക്കും മനസ്സിലാക്കി ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും പൃഥ്വി പറഞ്ഞു.