Entertainment
പ്രശാന്ത് നീല്‍ എന്നോട് പറഞ്ഞ കഥകളില്‍ ഏറ്റവും മനോഹരമായ കഥ ഇതായിരുന്നു: ആരാധകന് മറുപടിയുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 08, 11:22 am
Wednesday, 8th May 2024, 4:52 pm

സലാര്‍ എന്ന സിനിമയുടെ സമയത്ത് സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നോട് പറഞ്ഞ കഥകളില്‍ തനിക്ക് ഏറ്റവും മനോഹരമയാി തോന്നിയ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു. ഖന്‍സാര്‍ എന്ന സ്ഥലത്തിന്റെ ചരിത്രം മുഴുവന്‍ വിശദീകരിച്ചപ്പോള്‍ പറഞ്ഞ ശിവ മന്നാറിന്റെ കഥയാണ് തനിക്ക് ഏറ്റവും സ്‌പെഷ്യലായി തോന്നിയതെന്നും പൃഥ്വി പറഞ്ഞു.

സലാറിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്കിലെ വേള്‍ഡ് ഓഫ് ശിവ മന്നാര്‍ എന്ന ബി.ജി.എം കേട്ടപ്പോള്‍ ആ കഥാപാചത്രമായി പൃഥ്വിരാജ് വന്നാല്‍ നന്നായിരിക്കുമെന്ന് ഒരു ആരാധകന്‍ എക്‌സിലിട്ട പോസ്റ്റിന് മറുപടിയായാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. സലാറില്‍ ജഗപതി ബാബു അവതരിപ്പിച്ച രാജ മന്നാറിന്റെ അച്ഛനാണ് ശിവ മന്നാര്‍. വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ കഥാപാത്രത്തെ അവതരിപ്പിച്ചതും പൃത്വി തന്നെയാണ്.

‘ശിവ മന്നാര്‍ ഒറ്റക്ക് ചെയ്തുവെച്ച കാര്യങ്ങളെകുറിച്ച് ആലോചിക്കുമ്പോഴാണ് അതിന്റെ വലുപ്പം മനസിലാകുന്നത്. കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പൃഥ്വിരാജ് ആ കഥാപാത്രത്തെ ചെയ്തുവെച്ച രീതി ഗംഭീരമാണ്,’ ബ്രൈറ്റ് ബേര്‍ഡ് ആര്‍.ബി എന്ന എക്‌സ് ഐ.ഡി പോസ്റ്റ് പങ്കുവെച്ചു. ബി.ജി.എമ്മിന്റെ സ്‌ക്രീന്‍ഷോട്ട് കൂടി വെച്ചിട്ടാണ് പോസ്റ്റ് പങ്കുവെച്ചത്.

‘പ്രശാന്ത് എന്നോട് പറഞ്ഞ എല്ലാ കഥകളും വെച്ച് നോക്കുമ്പോള്‍ ശിവ മന്നാറിന്റേതാണ് ഏറ്റവും മികച്ചത്. യൂണിവേഴ്‌സുകള്‍ ബ്രേക്ക് ചെയ്തുകൊണ്ടുള്ള ഒരു അസാധ്യ സിനിമക്കുള്ള സംഭവങ്ങള്‍ അതിലുണ്ടാകും; എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്.

ശിവ മന്നാറിന്റെ കാലഘട്ടം 1960കളായതിനാല്‍ കെ.ജി.എഫുമായി ചേര്‍ന്ന് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് പ്രശാന്ത് നീല്‍ സൃഷ്ടിക്കുമെന്നാണ് പൃഥ്വിയുടെ മറുപടി കണ്ട ശേഷം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

Content Highlight: Prithviraj saying that story of Shiva Mannar in Salaar is the coolest story he heard