|

സ്വന്തം സ്റ്റാര്‍ഡത്തെപ്പറ്റി ബോധവാനല്ലാത്ത നടനാണ് അദ്ദേഹം, സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ആ നടനെ ബാധിക്കുന്നില്ല: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ എന്നതിന് പുറമെ ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും ഈ വര്‍ഷം പൃഥ്വി സ്വന്തമാക്കി.

തെലുങ്കില്‍ പൃഥ്വിക്ക് വലിയ പ്രശസ്തി നേടിക്കൊടുത്ത ചിത്രമായിരുന്നു സലാര്‍. കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസായിരുന്നു നായകന്‍. ചിത്രത്തില്‍ പ്രഭാസിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിട്ടത്. പ്രഭാസും പൃഥ്വിരാജും തമ്മിലുള്ള കോമ്പോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പ്രഭാസിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

വലിയൊരു സ്റ്റാറാണ് താനെന്ന വസ്തുത തള്ളിക്കളഞ്ഞ് മുന്നോട്ടുപോകുന്ന നടനാണ് പ്രഭാസെന്ന് പൃഥ്വിരാജ് പറഞ്ഞു. സ്വന്തം സ്റ്റാര്‍ഡത്തെപ്പറ്റി അധികം ചിന്തിക്കാതെയിരിക്കുകയെന്നതാണ് എല്ലാവരും ചെയ്യേണ്ട കാര്യമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. പ്രഭാസ് സോഷ്യല്‍ മീഡിയയില്‍ ഒന്നും ഇല്ലെന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന അനാവശ്യമായിട്ടുള്ള കാര്യങ്ങളെപ്പറ്റി പ്രഭാസ് ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

വളരെ പ്രൈവറ്റായി ജീവിക്കുന്ന ഒരാളാണ് പ്രഭാസെന്നും താന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായതുകൊണ്ട് തന്നെപ്പറ്റിയുള്ള കാര്യങ്ങള്‍ അദ്ദേഹം അറിയാറുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ പ്രൈവറ്റായി ജീവിക്കുന്ന ഒരാളായതുകൊണ്ട് തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി പ്രഭാസ് പലപ്പോഴും അറിയാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘സ്വന്തം സ്റ്റാര്‍ഡം വെച്ച് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാല്‍ അതിനെപ്പറ്റി ബോധവാനാകാതെ ഇരിക്കുക എന്നതാണ്. ഇത് പ്രഭാസില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. എന്റെ അറിവില്‍ പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒന്നുമില്ല. അത് മാത്രമല്ല, അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് മറ്റൊരാളാണ്.

അതുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെപ്പറ്റിയോ അത്തരം കാര്യങ്ങളില്‍ നിന്ന് കിട്ടുന്ന ആനന്ദത്തെപ്പറ്റിയോ അദ്ദേഹം കണ്‍സേണ്‍ഡ് അല്ല. വളരെ പ്രൈവറ്റായിട്ടുള്ള ഒരാളാണ് പ്രഭാസ്. ഒരുമിച്ച് വര്‍ക്ക് ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് എന്റെ കാര്യങ്ങളെല്ലാം അറിയാം. അല്ലാതെ സ്വന്തം ചുറ്റുപാടില്‍ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം വലിയ ശ്രദ്ധയൊന്നും കൊടുക്കാറില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj saying that Prabhas is a star who is unaware about his stardom