നടന്‍ എന്നതിന് പുറമെ ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലൂടെ മൂന്നാംവട്ടവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പൃഥ്വിയെ തേടിയെത്തി.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. താന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാലായിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്ലോമോഷന്‍ എന്‍ട്രി സ്‌ക്രീനുകളെ തീപിടിപ്പിക്കാന്‍ സാധിച്ചത് ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളായതുകൊണ്ടാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
അതേ മോഹന്‍ലാലിനെ സദയം എന്ന സിനിമ കാണുമ്പോള്‍ കാണാന്‍ സാധിക്കില്ലെന്നും ആ സിനിമയിലെ കഥാപാത്രത്തെ കാണുമ്പോള്‍ ഭയം തോന്നുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തെ തന്നിലേക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് അത്തരത്തില്‍ സംഭവിക്കുന്നതെന്നും മോഹന്‍ലാല്‍ എന്ന നടന് ആ കഴിവ് വേണ്ടുവോളം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരേസമയം സൂപ്പര്‍സ്റ്റാര്‍ പരിവേഷങ്ങളോടെ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നും അതേ മോഹന്‍ലാലിന് അടുത്ത വീട്ടിലെ ചേട്ടന്റെ വേഷം ചെയ്യാന്‍ കഴിയുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ ലെജന്‍ഡറിയായിട്ടുള്ള ഒരുപാട് നടന്മാരാല്‍ ബ്ലെസ്ഡ് ആണ് മലയാളം ഇന്‍ഡസ്ട്രിയെന്നും അത്തരം നടന്മാരെ സംവിധാനം ചെയ്യുക എന്നത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ബോളിവുഡ് ഹങ്കാമയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.
‘ലൂസിഫറില്‍ ആ ബാരിക്കേഡുകള്‍ നീങ്ങുമ്പോള്‍ സ്ലോമോഷനില്‍ നടന്നുവരുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയെ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളായതുകൊണ്ട് മോഹന്‍ലാല്‍ എന്ന നടന്‍ അതിനെ അങ്ങനെ അവതരിപ്പിച്ചു. അതേ മോഹന്‍ലാലിനെ സദയം എന്ന സിനിമയില്‍ കാണുമ്പോള്‍ ആവേശം തോന്നില്ല. ആ കഥാപാത്രം നമ്മളെ ഭയപ്പെടുത്തും.
ഓരോ കഥാപാത്രത്തെയും തന്നിലേക്ക് ഏത് രീതിയില്‍ ഉള്‍ക്കൊള്ളണം എന്ന് കൃത്യമായി ബോധ്യമുള്ള നടന്മാര്‍ക്ക് മാത്രമേ അങ്ങനെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുള്ളൂ. ഒരേസമയം സൂപ്പര്‍സ്റ്റാറിനെപ്പോലെ പ്രത്യക്ഷപ്പെടാനും അടുത്ത വീട്ടിലെ ചേട്ടനായി മാറാനുമുള്ള കഴിവ് മോഹന്‍ലാല്‍ സാറിനുണ്ട്. അത്തരം കഴിവുള്ള ഒരുപിടി മികച്ച ആര്‍ട്ടിസ്റ്റുകളാല്‍ സമ്പന്നമാണ് മലയാളം ഇന്‍ഡസ്ട്രി. അവരെ വെച്ച് സിനിമ ചെയ്യാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.
Content Highlight: Prithviraj Saying that Mohanlal has the ability to be a Superstar and man next door