| Tuesday, 19th March 2024, 3:11 pm

ബ്രോ ഡാഡി തമിഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ നടനാകും നായകന്‍: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായതായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ അതിലെ നായകനായ നജീബാകാന്‍ 30 കിലോയോളമാണ് പൃഥ്വി കുറച്ചത്. ഏഴ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ തമിഴിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ ഓരോ നടന്മാരെയും വെച്ച് എങ്ങനയുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു താരം. രജിനികാന്തിനെ വെച്ച് എങ്ങനെയുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന്, ‘രജിനി സാറിനെ വെച്ച് കോമഡി സിനിമ ചെയ്യാനാണ് ആഗ്രഹം’ എന്ന് പൃഥ്വി പറഞ്ഞു. രജിനിയുടെ കോമഡി ചിത്രങ്ങളില്‍ ഏത് സിനിമയാണ് ഇഷ്ടമെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘രജിനി സാറിന്റെ തില്ല് മുള്ള് എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ്. അതിലെ അദ്ദേഹത്തിന്റെ കോമഡിയെല്ലാം നല്ലതായിരുന്നു. ഞാന്‍ സംവിധാനെ ചെയ്ത ബ്രോ ഡാഡി തമിഴില്‍ ചെയ്യുകയാണെങ്കില്‍ രജിനി സാറാകും നായകന്‍. അദ്ദേഹത്തിന്റെ കോമഡി ഏരിയ എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് എനിക്ക് ആഗ്രഹം’ പൃഥ്വി പറഞ്ഞു.

വിജയ്‌യെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഡാര്‍ക്ക് ആക്ഷന്‍ സിനിമയായിരിക്കുമെന്നും, അതേ സമയം സൂര്യയെ വെച്ച് ചെയ്യുന്ന സിനിമ ഒരു റൊമാന്റിക് സിനിമയാകുമെന്നും പൃഥ്വി പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ റൊമാന്‍സ് വളരെ നന്നായി ചെയ്യുന്ന നടന്മാരില്‍ ഒരാള്‍ സൂര്യയാണെന്നും മെച്വര്‍ ആയ ഒരു ലവ് സ്റ്റോറി സൂര്യയെ വെച്ച് ചെയ്യാനാണ് ആഗ്രഹമെന്നും പൃഥ്വി പറഞ്ഞു.

വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ആടുജീവിതം നിര്‍മിക്കുന്നത്. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, ഗോകുല്‍ കെ.ആര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുനില്‍ കെ.എസ് ആണ്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Prithviraj saying that he wish to do Bro Daddy in Tamil starring Rajnikanth

We use cookies to give you the best possible experience. Learn more