| Saturday, 11th May 2024, 8:34 am

പൃഥ്വിയുടെ റോള്‍ എന്റെ സീമന്തപുത്രന്‍ ബേസില്‍ ചെയ്യട്ടെ എന്നാണ് വിപിന്‍ പറഞ്ഞത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ബേസിലിന്റെ വേഷമായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിലെ ഹിറ്റ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ വേഷം ചെയ്യേണ്ടിയിരുന്നത് മറ്റൊരു നടനായിരുന്നെന്നും പിന്നീട് വിപിന്‍ ദാസ് പറഞ്ഞിട്ടാണ് തന്റെ വേഷത്തിലേക്ക് ബേസിലിനെ കൊണ്ടുവന്നതെന്നും പൃഥ്വി പറഞ്ഞു.

ആ ഒരു മാറ്റമാണ് ഈ സിനിമയില്‍ വ്യത്യസ്തമായ ഒരു ഫാക്ടറെന്നും താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് ഗുരുവായൂരമ്പല നടയിലിനെ മാറ്റി നിര്‍ത്തുന്ന ഘടകമെന്നും പൃഥ്വി പറഞ്ഞു. വിപിന്‍ ദാസ് തന്നോട് ആദ്യം പറഞ്ഞ കഥ ഈ സിനിമയുടേതല്ലെന്നും ഇപ്പോഴുള്ള തിരക്കുകള്‍ രണ്ടുപേരും ആ സിനിമയിലേക്ക് കടക്കുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമയുടെ കഥ ദീപു എന്നോട് ആദ്യം പറഞ്ഞതുപോലെയല്ല ഇപ്പോഴുള്ളത്. ഒരുപാട് മാറ്റം സ്‌ക്രിപ്റ്റിലും കാസ്റ്റിങ്ങിലും വന്നിട്ടുണ്ട്. ബേസില്‍ ചെയ്യേണ്ട റോള്‍ ആദ്യം ഞാനായിരുന്നു ചെയ്യാനിരുന്നത്. വിനു എന്ന ക്യാരക്ടര്‍ ഞാനും, എന്റെ ക്യാരക്ടര്‍ ആനന്ദനായിട്ട് വേറൊരു നടനും എന്നായിരുന്നു ആദ്യം കഥ പറയുമ്പോള്‍ ഉണ്ടായിരുന്നത്. ആ സമയത്ത് വിപിന്‍ ഈ പ്രൊജക്ടിന്റെ ഭാഗമല്ലായിരുന്നു.

വിപിന്‍ ഈ സിനിമയുടെ ഭാഗമായപ്പോള്‍ അവന്‍ മുന്നോട്ട് വെച്ച സജഷനായിരുന്നു ഈ റോള്‍ മാറ്റം. അവന്‍ എന്നോട് പറഞ്ഞത്, ‘ രാജൂ, വിനു എന്ന ക്യാരക്ടര്‍ എന്റെ സീമന്തപുത്രന്‍ ബേസില്‍ ചെയ്താല്‍ നന്നാകില്ലേ. നീ ആനന്ദിന്റെ വേഷം ചെയ്യ്’ എന്നായിരുന്നു. ആനന്ദിനെപ്പോലെയൊരുു ക്യാരക്ടര്‍ ഞാന്‍ അധികം ചെയ്യാത്തതുകൊണ്ട് ആ സജഷന്‍ എനിക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന ഗുരുവായൂരമ്പല നടയില്‍ ഉണ്ടാകുന്നത്.

അത് മാത്രമല്ല, വിപിന്‍ എന്നോട് ആദ്യം പറഞ്ഞ കഥ ഈ സിനിമയുടെയല്ല. അത് വേറൊരു ടൈപ്പ് കഥയാണ്. വിപിന്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന ഫഹദിന്റെ സിനിമയും ഞാന്‍ എന്റെ ബാക്കി സിനിമകളും ചെയ്ത് തീര്‍ന്നാല്‍ ഞങ്ങള്‍ രണ്ടുപേരും ആ പ്രൊജക്ടിലേക്ക് ഇറങ്ങും. ആ കഥയെപ്പറ്റി കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Saying that he was in the role of Basil Joseph in Guruvayoor Ambalanadayil movie’s initial planning

We use cookies to give you the best possible experience. Learn more