നന്ദനം എന്ന ചിത്രത്തിലൂടെ രഞ്ജിത് മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്റെ നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പൃഥ്വിരാജ് ഇന്ന് മലയാളസിനിമയുടെ മുന്‍നിര നടന്മാരില്‍ ഒരാളാണ്. അഭിനയത്തിന് പുറമെ സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും പൃഥ്വി തന്റെ കഴിവ് തെളിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആടുജീവിതത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.
ആടുജീവതത്തിലെ ടാഗ്‌ലൈനായ ‘എവരി ബ്രെത്ത് ഈസ് ഏ ബാറ്റില്‍’ തന്റെ സിനിമാജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. ആ ടാഗ്‌ലൈനും താനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വളരെ എളുപ്പത്തില്‍ സിനിമയില്‍ വന്നയാളാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ അച്ഛന്‍ നല്ലൊരു നടനായിരുന്നെന്നും ആ ഒരു കാര്യത്തിലാണ് തനിക്ക് ആദ്യ സിനിമ ലഭിച്ചതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
തന്നെക്കാള്‍ കഴിവും പൊട്ടന്‍ഷ്യലുമുള്ളവരില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തത് അച്ഛന്റെ പേരിലാണെന്നും പൃഥ്വി പറഞ്ഞു. അത്രയും വലിയ നടന്റെ മകനായ തനിക്ക് അഭിനയിക്കാന്‍ കഴിവുണ്ടെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണ് തനിക്ക് ആദ്യസിനിമ കിട്ടിയതെന്നും എന്നാല്‍ അതിന് ശേഷം തനിക്ക് ലഭിച്ച ഓരോ സിനിമയും തന്റെ പരിശ്രമം കൊണ്ട് ലഭിച്ചതാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
‘എവരി ബ്രെത്ത് ഈസ് എ ബാറ്റില്‍ എന്ന ആടുജീവതത്തിന്റെ ടാഗ്‌ലൈനിന് എന്റെ സിനിമാജീവിതവുമായി യാതൊരു ബന്ധവുമില്ല. കാരണം, വളരെ എളുപ്പത്തില്‍ സിനിമയിലെത്തിയ നടനാണ് ഞാന്‍. അതാണ് സത്യം. നടനാകാന്‍ വേണ്ടി പലരും കഷ്ടപ്പെട്ടതിന്റെ അത്ര എനിക്ക് വേണ്ടി വന്നിട്ടില്ല. എന്റെ അച്ഛന്‍ പഴയകാല നടനായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ആദ്യ സിനിമ കിട്ടിയ നടനാണ് ഞാന്‍. എന്നെക്കാള്‍ കഴിവും പൊട്ടന്‍ഷ്യലുമുള്ളവരില്‍ നിന്ന് എന്നെ തെരഞ്ഞെടുക്കാന്‍ കാരണം എന്റെ അച്ഛന്‍ നല്ലൊരു നടനായതുകൊണ്ടാണ്.
അത്രയും വലിയ നടന്റെ മകനായ തനിക്ക് എന്തെങ്കിലുമൊക്കെ കഴിവുണ്ടായിരിക്കും എന്ന് ആ സിനിമയുടെ അണിയറക്കാര്‍ ചിന്തിച്ചിരിക്കാം. അല്ലാതെ എനിക്ക് സിനിമയില്‍ അവസരം കിട്ടില്ല. എന്നാല്‍ ആദ്യ സിനിമ മാത്രമേ എനിക്ക് അങ്ങനെ വെച്ചുനീട്ടപ്പെട്ടിട്ടുള്ളൂ. പിന്നീട് ഞാന്‍ ചെയ്ത ഓരോ സിനിമയും എന്റെ പരിശ്രമം കൊണ്ട് നേടിയെടുത്തതാണ്. അക്കാര്യത്തില്‍ സംശയമില്ല,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj saying that he got his first movie very simple