സ്‌ക്രിപ്റ്റിലുള്ള ഓര്‍ഗാനിക് ആയിട്ടുള്ള ഹ്യൂമര്‍ മാത്രമേ തനിക്ക് ചെയ്തു ഫലിപ്പിക്കാന്‍ കഴിയുള്ളൂവെന്ന് പൃഥ്വിരാജ്. സ്‌ക്രിപ്റ്റിലില്ലാത്ത നാച്ചുറലായിട്ടുള്ള ഹ്യൂമര്‍ ഉണ്ടാക്കാനുള്ള കഴിവ് തനിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. സ്‌ക്രിപ്റ്റില്‍ ഹ്യൂമറുണ്ടായാല്‍ മാത്രം പോര, അത് എങ്ങനെ ചെയ്തു ഫലിപ്പിക്കണമെന്ന് പറഞ്ഞുതരാന്‍ കഴിയുന്ന സംവിധായകര്‍ വിചാരിച്ചാല്‍ മാത്രമേ തനിക്ക് ആ സീന്‍ നന്നാക്കാന്‍ കഴിയുള്ളൂവെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജഗതി ശ്രീകുമാറിനെ പോലെയുള്ള ലെജന്‍ഡറി നടന്മാര്‍ അവരുടെ കൈയില്‍ നിന്ന് കോമഡി ഇടുന്നത് കണ്ട് ചിരിച്ചിട്ടുണ്ടെന്നും ഇതുപോലെയൊന്നും തനിക്ക് ചെയ്യാന്‍ കഴിയില്ലെന്നും പൃഥ്വി പറഞ്ഞത്. ഒരു നടന്‍ എപ്പോഴും സംവിധായകന്റെ ലിമിറ്റില്‍ തന്നെ നില്‍ക്കുമ്പോഴാണ് അയാളുടെ മാക്‌സിമം ലഭിക്കുകയെന്നും പൃഥ്വി പറഞ്ഞു.
‘കോമഡി ചെയ്യുന്നതില്‍ എനിക്ക് നല്ല ലിമിറ്റേഷന്‍ ഉള്ള നടനാണ് ഞാന്‍. സ്‌ക്രിപ്റ്റിലുള്ള ഹ്യൂമര്‍ എന്താണോ അതുമാത്രമേ എനിക്ക് ചെയ്യാന്‍ പറ്റുള്ളൂ. ഓര്‍ഗാനിക് ഹ്യൂമര്‍ മാത്രമേ എന്നക്കൊണ്ട് ചെയ്യാന്‍ കഴിയുള്ളൂ. അത് എങ്ങനെ കണ്‍വിന്‍സിങ്ങായി ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞു തരാന്‍ കഴിയുന്ന ഡയറക്ടറും ഉണ്ടാകണം.
ലെജന്‍ഡറി ആക്ടേഴസ് ഒക്കെ ചെയ്യുന്നതു പോലെ നാച്ചുറല്‍ ഹ്യൂമര്‍ ചെയ്തു ഫലിപ്പിക്കാന്‍ എനിക്ക് പറ്റില്ല. അമ്പിളി ചേട്ടനൊക്കെ അങ്ങനെ ചെയ്യാറുണ്ട്. ഞാന്‍ നേരിട്ട് കണ്ടതാണ് അതൊക്കെ. ഒരു സീനില്‍ എന്തെങ്കിലും കൈയില്‍ നിന്നിടാന്‍ പറ്റുമോ എന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം പെട്ടെന്നു തന്നെ ഒരെണ്ണം കൈയില്‍ നിന്നിടുന്നത് ഞാന്‍ കണ്ട് ചിരിച്ചിട്ടുണ്ട്. ആ കഴിവ് എനിക്ക് ഒരിക്കലും കിട്ടില്ല.
ഒരു നല്ല നടന്‍ എന്നു പറയുന്നത് ഡയറക്ടറുടെ ലിമിറ്റില്‍ നില്ക്കുന്ന ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകന്‍ എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. എന്താണോ ഒരു സീന്‍ ഡിമാന്‍ഡ് ചെയ്യുന്നത് അത് കൃത്യമായി ഡയറക്ടര്‍ പറഞ്ഞുകൊടുക്കുകയും അതിന്നുസരിച്ച് പെര്‍ഫോം ചെയ്യുകയും ചെയ്യുന്നതാണ് ഒരു നടന്റെ ക്വാളിറ്റി. അത്തരത്തില്‍ മുന്നോട്ടു പോകുന്ന നടനാണ് ഞാന്‍,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj saying that he cannot do natural comedies in movies