സിനിമ കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ നിന്ന് വീട്ടിലെത്തിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന് ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫഹദിന്റെ പ്രസ്താവനയോട് താനും യോജിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
തനിക്കും സിനിമ എന്നത് ഏറ്റവും വലിയ എന്റര്‍ടൈന്മെന്റ് ഫാക്ടറെന്നും, എന്നാല്‍ അത് മാത്രമാണ് ജീവിതമെന്ന ചിന്തയില്‍ മുന്നോട്ട് പോകുന്നതിനോട് യോജിപ്പില്ല എന്നും പൃഥ്വി പറഞ്ഞു. സിനിമ ഇല്ലെങ്കില്‍ ഈ ലോകം തന്നെ നിശ്ചലമായിപ്പോകുമെന്നൊന്നും താന്‍ കരുതുന്നില്ലെന്നും ആ ഒരു ചിന്ത സിനിമാ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന താനടക്കമുള്ള പലര്‍ക്കുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഫഹദിന്റെ പ്രസ്താവനയോട് ഞാനും യോജിക്കുന്നു. എന്റെ ജീവിതവും വികാരവും സിനിമയാണ്. പക്ഷേ സിനിമയെ സ്വന്തം ജീവിതത്തിനുമപ്പുറം എന്ന് കരുതരുത് എന്നുള്ള ചിന്തയായിരിക്കാം ആ ഒരു സ്റ്റേറ്റ്‌മെന്റിന് പിന്നില്‍ ഉണ്ടായിരിക്കുക. അത് ശരിയായിരിക്കാം. നാളെ ഒരു ദിവസം പെട്ടെന്ന് സിനിമ തന്നെ നിന്നുപോയാല്‍ ലോകം നിശ്ചലമായി പോവുകയൊന്നുമില്ല.
ആ തിരിച്ചറിവ് മറ്റാരെക്കാളും ഞങ്ങള്‍ക്കുമുണ്ട്. സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്ത് ഒഴിവാക്കാന്‍ പറ്റാത്ത ഘടകമൊന്നുമല്ല. അപ്പോള്‍ അതിനെ ഒബ്ജക്റ്റീവായിട്ട് തന്നെ കാണണം. ഒരു സിനിമക്ക് നിങ്ങളുടെ ജീവിതത്തില്‍ കൊടുക്കാന്‍ പറ്റുന്ന ഇന്‍ഫ്‌ളുവന്‍സിന് അത്ര മാത്രമേ പ്രാധാന്യം കൊടുക്കാന്‍ പാടുള്ളൂ.
നിങ്ങളുടെ ജീവിതത്തില്‍ സിനിമയാണ് ഏറ്റവും വലിയ എന്റര്‍ടൈന്മെന്റ് ഫോമാണെങ്കില്‍ അതില്‍ വളരെയധികം നന്ദിയുണ്ട്. എന്റെ ജീവിതത്തിലെയും ബിഗ്ഗസ്റ്റ് ഫോം ഓഫ് എന്റര്‍ടൈന്മന്റ് സിനിമയാണ്. പക്ഷേ സിനിമ എന്താണെന്നും അതിനെ എത്രത്തോളം നിങ്ങളുടെ ലൈഫില്‍ ഇമ്പോര്‍ട്ടന്‍സ് കൊടുക്കണമെന്നതും ജുഡീഷ്യസ് ആയിട്ട് തീരുമാനമെടുത്ത് അതിനനുസരിച്ച് ജീവിക്കുക,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj saying that he agree with Fahadh’s statement about importance of cinema in life