രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ നടനാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പൃഥ്വി തന്റെ സാന്നിധ്യമറിയിച്ചു. അഭിനയത്തിന് പുറമെ ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ പൃഥ്വി തന്റെ കഴിവ് തെളിയിച്ചു. ഈ വര്‍ഷം റിലീസായ പൃഥ്വിയുടെ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.
ഡാന്‍സറും നടനുമായ അരവിന്ദിനെക്കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൃഥ്വിരാജ് നായകനായ ഗുരുവായൂരമ്പല നടയിലില്‍ അരവിന്ദ് അതിഥിവേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ റഫറന്‍സ് കാണിച്ച സീനിന് തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ക്യാമറക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണമെന്ന് പോലും അറിയാത്ത ഒരു പൃഥ്വിരാജിനെ നേരില്‍ കണ്ട ചുരുക്കം ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അരവിന്ദെന്ന് പൃഥ്വിരാജ് പറഞ്ഞു. താന്‍ നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ അരവിന്ദ് മികച്ചൊരു നടനായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
നവ്യാ നായരും, അരവിന്ദും ഒരുമിച്ചുള്ള പാട്ടിന്റെ ഷൂട്ട് ഗുണ്ടല്‍പേട്ടില്‍ നടന്നപ്പോള്‍ താന്‍ ആ ഷൂട്ട് കണ്ടുവെന്നും അരവിന്ദിന്റെ ഡാന്‍സ് കണ്ട് അത്ഭുതപ്പെട്ടുവെന്നും പൃഥ്വി പറഞ്ഞു. അന്നത്തെ സമയത്ത് അരവിന്ദായിരുന്നു തന്റെ ഇന്‍സ്പിറേഷനെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പല നടയിലിന്റെ സക്‌സസ് സെലിബ്രേഷന്‍ ചടങ്ങിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.
‘ഈ സിനിമയില്‍ അരവിന്ദ് വളെര ചെറിയൊരു വേഷത്തിലാണ് അഭിനയിച്ചത്. 20 വര്‍ഷം പിന്നിലേക്ക് അരവിന്ദ് എന്നെ കൊണ്ടുപോയി. ക്യാമറക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണമെന്നറിയാത്ത, ശരിക്ക് അഭിനയിക്കാനറിയാത്ത ഒരു പൃഥ്വിരാജിനെ നേരിട്ട് കണ്ട ചുരുക്കം ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അരവിന്ദ്. ഞാന്‍ നന്ദനത്തില്‍ എത്തുന്ന സമയത്ത് അരവിന്ദ് സിനിമയില്‍ കത്തിനില്‍ക്കുകയായിരുന്നു. നല്ലൊരു ഡാന്‍സറും ആക്ടറുമാണ് അദ്ദേഹം.
ഇയാളെപ്പോലെ എനിക്കും ആകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് അരവിന്ദിനെ കാണുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. നവ്യയും അരവിന്ദും ഒരുമിച്ചുള്ള പാട്ടിന്റെ ഷൂട്ട് നടന്നത് ഗുണ്ടല്‍പേട്ടിലായിരുന്നു. അന്ന് ആ ഷൂട്ട് കാണാന്‍ ഞാനും അവിടെപ്പോയി. അരവിന്ദിന്റെ ഡാന്‍സ് മൂവ്‌മെന്റസ് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ആ സമയത്ത് എന്റെ ഏറ്റവും വലിയ ഇന്‍സ്പിറേഷനായിരുന്നു അരവിന്ദ്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj saying that Aravind Akash was his inspiration when he acted in Nandanam