Entertainment
മലയാളത്തിലെ 90 ശതമാനം സംവിധായകരുടെയും ഡ്രീം പ്രൊജക്ട് അങ്ങനെയൊരു സിനിമയാകും, എനിക്കും അത്തരമൊരു ആഗ്രഹമുണ്ട്: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 03:28 pm
Thursday, 6th February 2025, 8:58 pm

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. സംവിധാനം ചെയ്ത ആദ്യചിത്രം ആ വര്‍ഷത്തെ ഇയര്‍ടോപ്പറാക്കാനും പൃഥ്വിക്ക് സാധിച്ചു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാനാണ് പൃഥ്വിയുടെ അടുത്ത പ്രൊജക്ട്. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കുന്ന ചിത്രമാകും എമ്പുരാനെന്ന് പുറത്തിറങ്ങുന്ന ഓരോ അപ്‌ഡേറ്റും തെളിയിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

മലയാളത്തിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ രണ്ട് ലെജന്‍ഡുകളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തിലെ 90 ശതമാനം സംവിധായകരുടെയും ഡ്രീം പ്രൊജക്ട് ഏതെന്ന് ചോദിച്ചാല്‍ അവര്‍ രണ്ടുപേരെയും വെച്ചുള്ള ചിത്രമാകുമെന്നേ പറയുള്ളൂവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിച്ച് സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

തനിക്കും അത്തരത്തില്‍ ഒരു ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് ചേര്‍ന്ന ഒരു പ്രൊജക്ട് ഇതുവരെ കിട്ടിയില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു സ്‌ക്രിപ്റ്റ് കിട്ടുകയാണെങ്കില്‍ താനത് മിസ്സാക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടെന്നും ഇന്‍ഡസ്ട്രി മുഴുവന്‍ ആ സിനിമക്കായി കാത്തിരിക്കുന്നുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘മലയാളത്തിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് ലെജന്‍ഡറി ആക്ടേഴ്‌സാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ ഒരുമിച്ച് സ്‌ക്രീനില്‍ പ്രസന്റെ ചെയ്യുക എന്നത് ചെറിയൊരു കാര്യമല്ല. മലയാളത്തിലെ 90 ശതമാനം സംവിധായകരോടും ചോദിച്ചാല്‍ അവരുടെ ഡ്രീം പ്രൊജക്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഒരു സിനിമ ചെയ്യണം എന്നേ പറയുള്ളൂ.

എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്. എന്നാല്‍ അതിന് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയിട്ടില്ല. അങ്ങനെയൊരു സ്‌ക്രിപ്റ്റ് ഓര്‍ഗാനിക്കായി ഉണ്ടാകേണ്ടതാണ്. അവരെ വെച്ച് ചെയ്യാം എന്ന രീതിയില്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ട് കാര്യമില്ല. ഞാന്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവര്‍ രണ്ടുപേരും ഒന്നിക്കുന്ന ഒരു സിനിമ ഒരുങ്ങുകയാണ്. മഹേഷ് നാരായണനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്‍ഡസ്ട്രി മുഴുവന്‍ ആ സിനിമക്കായി കാത്തിരിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj saying he would love to direct a movie starring Mammootty and Mohanlal together if he got a good script