|

യഥാര്‍ത്ഥ നജീബിക്കയോട് സംസാരിച്ചപ്പോള്‍ ആള്‍ക്ക് ഒന്നും ഓര്‍മയില്ലെന്നാണ് ബെന്യാമിന്‍ പറഞ്ഞത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ നജീബുമായി സംസാരിച്ചപ്പോളുണ്ടായ അനുഭവം പൃഥ്വി പങ്കുവെച്ചു. ഷൂട്ടിന്റെ സമയത്തൊന്നും നജീബിനെ കണ്ടിരുന്നില്ലെന്നും, സിനിമയുടെ അവസാന ദിവസം, അവസാന ഷോട്ട് എടുത്ത ശേഷമാണ് നജീബിനെ കണ്ടതെന്നും താരം പറഞ്ഞു. ബെന്യാമിന്‍ ആദ്യമായി നജീബിനെ കണ്ട സമയത്ത് അയാള്‍ അനുഭവിച്ച ട്രോമകള്‍ ഓര്‍മയില്ലായിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നുവെന്നും പൃഥ്വി പറഞ്ഞു.

‘സിനിമയുടെ അവസാന ദിവസം അവസാന ഷോട്ട് എടുത്ത ശേഷമാണ് ഞാന്‍ യഥാര്‍ത്ഥ നജീബിനെ കാണുന്നത്. അതുവരെ കാണാതിരിക്കാന്‍ കാരണം, നജീബിന്റെ മാനറിസങ്ങള്‍ എന്നിലേക്ക് വരാതിരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് യഥാര്‍ത്ഥ നജീബിനെ കണ്ടപ്പോള്‍ അയാള്‍ അനുഭവിച്ചതിന്റെ പതിനായിരത്തിലൊന്ന് എന്റെ ഉള്ളിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ബെന്യാമിന്‍ ആദ്യമായി നജീബിനെ കണ്ടപ്പോള്‍ ഉണ്ടായ കാര്യം എന്നോട് പറഞ്ഞിരുന്നു. ആ സമയത്തെ ട്രോമകള്‍ കാരണം അയാള്‍ക്ക് ഒന്നും ഓര്‍മയില്ലായിരുന്നു. എന്ത് ചോദിച്ചാലും കുറേ നേരം കരഞ്ഞുകൊണ്ടിരിക്കുകയും ഒന്നും ഓര്‍മയില്ലെന്ന് പറയുകയുമായിരുന്നു. പിന്നീട് ഒരുപാട് ആളുകളോട് സംസാരിച്ച ശേഷമാണ് നജീബിക്ക ഇപ്പോള്‍ കാണുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടാവുക. ഇപ്പോള്‍ അദ്ദേഹം എല്ലാ ഇന്റര്‍വ്യൂകളിലും നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj saying about the trauma faced by Real life Najeeb