സിനിമയുടെ വിജയപരാജയങ്ങളെ പറ്റി ഉറപ്പിച്ച് പറയാനാവില്ലെന്ന് പൃഥ്വിരാജ്. കഴിഞ്ഞ പത്ത് വര്‍ഷം തന്റെ കരിയറില്‍ പരാജയങ്ങളുണ്ടായിട്ടില്ലേ എന്നും പൃഥ്വിരാജ് ചോദിച്ചു. ഗോള്‍ഡ് വിജയിക്കുമെന്ന് വിചാരിച്ച് ചെയ്തതാണെന്നും എന്നാല്‍ അതൊന്നും ഒരിക്കലും പറയാനാവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്ത് വര്‍ഷം കഴിയുമ്പോള്‍ എങ്ങനെയുള്ള സിനിമകളാവും വിജയിക്കുക എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
‘പത്ത് വര്‍ഷത്തിന് ശേഷം ഏത് സിനിമയായിരിക്കും ഹിറ്റാവുകയെന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് എനിക്ക് പരാജയപ്പെട്ട ഒരു സിനിമ പോലും സംഭവിച്ചിട്ടില്ലേ? എന്റെ ഒരുപാട് സിനിമകള്‍ ഫ്‌ളോപ്പായിട്ടുണ്ട്.
ഇപ്പോള്‍ ഗോള്‍ഡിന്റെ കാര്യമെടുക്കുക, അത് ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. സംവിധാനം ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രന്‍. കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും കഴിവുള്ള സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. നായികയായി നായന്‍താര, പിന്നെ താരങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. നല്ല മ്യൂസിക്ക് ഉണ്ടായിരുന്നു. ഈ സിനിമക്ക് പരാജയം സംഭവിക്കാന്‍ ഒരു വഴിയുമില്ല. പക്ഷേ സംഭവിച്ചില്ലേ. അതുകൊണ്ട് വിജയപരാജയങ്ങളെ പറ്റി നമുക്ക് അറിയാന്‍ പറ്റില്ല,’ പൃഥ്വിരാജ് പറഞ്ഞു.
സിനിമയുടെ അടിസ്ഥാനമിരിക്കുന്നത് എഴുത്തിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ബജറ്റും സ്‌കെയ്ലും രണ്ടാമതേ വരികയുള്ളൂവെന്നും നല്ല തിരക്കഥയുണ്ടെങ്കിലേ നല്ല സിനിമ നിര്‍മിക്കാനാവുകയുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രശാന്ത് നീല്‍ എഴുത്തില്‍ വലിയ പരിശ്രമം നടത്തുന്നുണ്ടെന്നും എഴുതിവെച്ചതിന്റെ 20 ശതമാനം മാത്രമേ സിനിമയിലുള്ളൂവെന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
‘പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന വലിയ സ്‌കെയ്ലിലുള്ള മാസ് എന്റര്‍ടെയ്നര്‍ നിര്‍മിക്കാനും കാണുന്ന പ്രേക്ഷകരെ ആ നരേഷനൊപ്പം മുന്നോട്ട് കൊണ്ടുപോകാനും സ്‌ക്രീന്‍ പ്ലേയില്‍ വൈദഗ്ധ്യം വേണം. ആക്ഷന്‍ സിനിമകളും കോണ്ടന്റ് ഡ്രിവണാണ്. എഴുത്തില്‍ പ്രശാന്ത് എത്രത്തോളം പരിശ്രമം ചെയ്യുന്നുണ്ട് എന്ന് എനിക്ക് വ്യക്തിപരമായി കാണാനും അനുഭവിക്കാനും സാധിച്ചു. അതിന് ശേഷമാണ് ബാക്കിയെല്ലാം നടക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj said that we cannot say for sure about the success or failure of the film