| Friday, 22nd December 2023, 7:48 pm

ബിഗ് ബി ഞങ്ങള്‍ക്ക് എന്താണോ ചെയ്തത് അതാണ് കെ.ജി.എഫും ചെയ്തത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനുള്‍പ്പെടെയുള്ള സംവിധാകര്‍ക്ക് ബിഗ് ബി എന്താണോ ചെയ്തത് അതാണ് കെ.ജി.എഫും ചെയ്തതെന്ന് പൃഥ്വിരാജ്. കെ.ജി.എഫ് തന്നെ വളരെയധികം സ്വാധീനിച്ച സിനിമയാണെന്നും രണ്ടാം ഭാഗത്തെക്കാള്‍ തനിക്കിഷ്ടം ഒന്നാം ഭാഗമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.ജി.എഫ് 1 എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കെ.ജി.എഫ് രണ്ടാം ഭാഗത്തെക്കാളും എനിക്ക് ഇഷ്ടമായത് കെ.ജി.എഫ് 1 ആണ്. അത് ഞാന്‍ പ്രശാന്തിനോടും പറഞ്ഞിട്ടുണ്ട്. 70കളില്‍ പുറത്തിറങ്ങിയിരുന്ന അമിതാഭ് ബച്ചന്‍ സിനിമകള്‍ പോലെയായിരുന്നു കെ.ജി.എഫ്. അത്തരം സിനിമകളുടെ ആരാധകനാണ് ഞാന്‍.

സ്റ്റൈലിങ്ങിലും ഏസ്‌തെറ്റിക്‌സിലും കെ.ജി.എഫ് എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നെ അതില്‍ യഷും വളരെ മികച്ച പ്രകടനമായിരുന്നു. ഞാനുള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് ബിഗ് ബി എന്താണോ ചെയ്തത് അതാണ് കെ.ജി.എഫും ചെയ്തത്. നമ്മുടെയൊന്നും ചിന്തയില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് രണ്ട് സിനിമയിലും സംഭവിച്ചത്. കെ.ജി.എഫ് 2ഉം നല്ല സിനിമ തന്നെയാണ്. എന്നാല്‍ കെ.ജി.ഫ് 1 ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം,’ പൃഥ്വിരാജ് പറഞ്ഞു.

ഒരു സിനിമ എന്‍ഗേജിങ് ആണെങ്കില്‍ ആ ചിത്രത്തിന്റെ ഡ്യൂറേഷന്‍ എത്ര വലുതാണെങ്കിലും പ്രേക്ഷകരെ അത് സ്വാധീനിക്കില്ലെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരു ഫീച്ചര്‍ സിനിമയുടെ ഡ്യൂറേഷന്‍ എന്ന് പറയുന്നത് അത് പ്രദര്‍ശിപ്പിക്കുന്നവരെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത്. ഒരു 30 സെക്കന്റ് മാത്രമുള്ള ഇന്‍സ്റ്റാഗ്രാം റീലാണെങ്കില്‍ പോലും അത് ഇഷ്ടമാവുന്നില്ലെങ്കില്‍ 10 സെക്കന്റിനുള്ളില്‍ തന്നെ നമ്മള്‍ അത് സ്‌കിപ് ചെയ്യും.

അതുപോലെ ഒരു 3 മണിക്കൂര്‍ ഫീച്ചര്‍ സിനിമയാണെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്നുണ്ടെങ്കില്‍ അതിന്റെ നീളം ഒരു പ്രശ്‌നമേയല്ല. ഞാന്‍ എന്റെ സഹ സംവിധായകരോടും പറയുന്ന കാര്യമാണിത്. ഞാന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രവും കുറച്ച് വലിപ്പമുള്ള സിനിമയാണ്. ഞാന്‍ അവരോട് പറയുന്ന ഒരു കാര്യമുണ്ട്. ഈ സിനിമയുടെ അവസാനത്തെ 45 മിനിറ്റ് കാണുന്ന പ്രേക്ഷകര്‍ക്ക് വര്‍ക്ക് ആവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സിനിമ 3 മണിക്കൂര്‍ വര്‍ക്കാവുമെന്ന്.

ഞാന്‍ വലിയ രീതിയില്‍ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് നമുക്ക് എത്ര ലെങ്ത്തുള്ള സിനിമകള്‍ വേണമെങ്കിലും ചെയ്യാം. സിനിമയുടെ ഡ്യൂറേഷന്‍ എന്നത് പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. സിനിമ എന്‍ഗേജിങ് ആയാല്‍ മതി. ഓരോ 20 മിനിറ്റിലും കാണുന്ന പ്രേക്ഷകന് സിനിമയില്‍ നിന്ന് കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ ആ സിനിമ ഒരിക്കലും വര്‍ക്ക് ആവില്ല,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj said that KGF did what Big B did to directors including himself

We use cookies to give you the best possible experience. Learn more