തന്റെ കുടുംബത്തില്‍ നിന്നും സിനിമയിലെത്തും എന്ന് ആരും പ്രതീക്ഷിക്കാത്ത ആളായിരുന്നു താനെന്ന് പൃഥ്വിരാജ്. എന്നാല്‍ ഇന്ദ്രജിത്തിന് എപ്പോഴും നടനാവണം എന്നായിരുന്നു ആഗ്രഹമെന്നും അതുകൊണ്ട് തന്നെ ഇന്ദ്രജിത്താണ് തന്നെക്കാളും നല്ല നടനെന്നും പൃഥ്വിരാജ് പറഞ്ഞു. വെള്ളിത്തിര മുതലാണ് സിനിമയാണ് താന്‍ ചെയ്യേണ്ടതെന്ന് മനസിലായതെന്നും അതിന് ശേഷം സിനിമയെ പറ്റിയുള്ള എല്ലാം പഠിക്കണമെന്ന് തോന്നിയെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
‘എന്റെ കുടുംബത്തില്‍ നിന്നും സിനിമയിലെത്തും എന്ന് ആരും പ്രതീക്ഷിക്കാത്ത ആളായിരുന്നു ഞാന്‍. കലാപരമായി വളരണം എന്നൊന്നും ആഗ്രഹിക്കുന്ന ഒരാളായിരുന്നില്ല ഞാന്‍. എന്നാല്‍ ഇന്ദ്രജിത്തിന് എപ്പോഴും നടനാവണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ഇന്ദ്രജിത്താണ് എന്നെക്കാളും നല്ല നടന്‍.
എനിക്ക് ഒരിക്കലും നടനാവണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ എനിക്ക് സിനിമകള്‍ സംഭവിച്ചുകൊണ്ടേയിരുന്നു. ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നുവെന്നും ഇതാണ് ഞാന്‍ ചെയ്യേണ്ടതെന്നും എനിക്ക് മനസിലായത് വെള്ളിത്തിര മുതലാണ്. അത് മനസിലാക്കിയതിന് ശേഷം സിനിമയെ പറ്റിയുള്ള എല്ലാം പഠിക്കണമെന്ന് തോന്നി.
ക്യാമറമാന്‍മാരേയും എഡിറ്റര്‍മാരേയുമെല്ലാം ഞാന്‍ ശല്യപ്പെടുത്തുമായിരുന്നു. കളര്‍ കറക്ഷന്‍ സ്റ്റുഡിയോയിലേക്ക് കേറ്റാനായി ഞാന്‍ യാചിക്കുമായിരുന്നു. എനിക്ക് എല്ലാം അറിയണമായിരുന്നു. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ്. പുതിയതായി എന്തെങ്കിലും വന്നാല്‍ എനിക്ക് അത് അറിയണം. സിനിമ അല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല. അതുകൊണ്ട് അറിയാവുന്നത് നന്നായി പഠിക്കണം. അങ്ങനെ പഠിക്കുന്ന പ്രോസസില്‍ പല തരത്തിലുള്ള ക്രാഫ്റ്റ് അറിയാന്‍ പറ്റി.
ഫിലിം മേക്കിങ് എന്ന രീതിയില്‍ ചെറിയ സ്റ്റെപ്പ് വെച്ചത് വര്‍ഗ്ഗം സിനിമ മുതലാണ്. ഞാന്‍ ഒരു ആക്ഷന്‍ സീക്വന്‍സ് ആദ്യമായി ഷോട്ട് ചെയ്തത് ആ ചിത്രത്തില്‍ വെച്ചാണ്. അതിലെ ഒരു ആക്ഷന്‍ സീക്വന്‍സ് ഞാനാണ് സംവിധാനം ചെയ്തത്. അതിന് ശേഷം വാസ്തവത്തിന്റെ ക്ലൈമാക്‌സ് സംവിധാനം ചെയ്തു. അതിന് ശേഷം എഡിറ്റിങും സിനിമാറ്റോഗ്രഫിയും പഠിക്കണമെന്ന് തോന്നി,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj said that he was a person who no one expected from his family to enter the cinema