| Saturday, 2nd April 2022, 6:56 pm

ബ്രോ ഡാഡി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല, എനിക്കിനി ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ലെന്ന് തോന്നി: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഹോട് സ്റ്റാറില്‍ റിലീസ് ചെയ്ത ബ്രോ ഡാഡി വലിയ വിജയമാണ് നേടിയത്. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.

ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രേക്ഷകര്‍ പ്രശംസിച്ചിരുന്നു. ഊര്‍ജ്വസ്വലനായ ആസ്വദിച്ച് അഭിനയിച്ച മോഹന്‍ലാലിന്റെ പ്രകടനം സിനിമയിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു.

എന്നാല്‍ ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ഡിറക്ടോറിയല്‍ ഫിലിമോഗ്രഫിയില്‍ ഇങ്ങനെ ഒരു ചിത്രമുണ്ടായിരുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്യാനുണ്ടായ സാഹചര്യം പറഞ്ഞത്.

‘പഴയ ലാലേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ അതിന്റെ ആരാധകനുമല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനിയും ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ബ്രോ ഡാഡി ഒരിക്കലും ഞാന്‍ ചെയ്യാനിരുന്ന സിനിമ അല്ലായിരുന്നു. രണ്ട് പുതിയ എഴുത്തുകാര് ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് ഉണ്ടെന്നും ഇത് വാങ്ങുന്നോയെന്ന് ചോദിച്ച് എന്റെ അടുത്ത് വരുകയായിരുന്നു. സ്‌ക്രിപ്റ്റ് വാങ്ങിച്ചു. അപ്പോഴും ലാലേട്ടന്‍ അഭിനയിക്കാമെന്നോ ഞാന്‍ സംവിധാനം ചെയ്യാമെന്നോ വിചാരിക്കുന്നില്ല,’ പൃഥ്വിരാജ് പറഞ്ഞു.

‘പിന്നെ രണ്ടാമത്തെ ലോക്ക്ഡൗണ്‍ വന്നു. ഇന്‍ഡസ്ട്രി വീണ്ടും സ്തംഭിച്ചു. അപ്പോഴാണ് ഞാന്‍ വിചാരിച്ചത് വലിയ പ്രീ പ്രൊഡക്ഷന്‍ പരിപാടി ഇല്ലാതെ എനിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമ ആണല്ലോ ഇതെന്ന്.

ബ്രോ ഡാഡി പോലൊരു ഹാപ്പി കളര്‍ഫുള്‍ ഹാംലെസ് ലിറ്റില്‍ ഫിലിം അപ്പോള്‍ ഞാന്‍ സംവിധാനം ചെയ്തില്ലെങ്കില്‍ പിന്നെ എന്റെ ഡിറക്ടോറിയല്‍ ഫിലിമോഗ്രഫിയില്‍ അത്തരൊമൊരു സിനിമ ഉണ്ടാവാന്‍ സാധ്യതയില്ല എന്നൊരു തോന്നല്‍ എനിക്ക് വന്നു.

കാരണം അടുത്തത് ചെയ്യാന്‍ പോകുന്നത് ലൂസിഫറിന്റെ സെക്കന്റ് പാര്‍ട്ടാണ്. അത് കഴിഞ്ഞ് ഏതാണ് സംവിധാനം ചെയ്യുന്നത് എന്നെനിക്കറിയാം. അതും കഴിഞ്ഞ് സംവിധാനം ചെയ്യാന്‍ പോകുന്നത് എതാണെന്നും അറിയാം. പക്ഷേ ബ്രോ ഡാഡി പോലൊരു സിനിമ ലിസ്റ്റില്‍ ഇല്ല. അങ്ങനെ ആ സിനിമ ചെയ്യുകയായിരുന്നു,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ജന ഗണ മന റിലീസ് ചെയ്യുകയാണ്. ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Prithviraj said that he did not intend to direct Bro Daddy

We use cookies to give you the best possible experience. Learn more