|

'സിംഹം, കലമാന്‍, ഓട്ടം, കാട്...'; പാട്ടിന്റെ മൂഡ് പറയാന്‍ വേണ്ടി പൃഥ്വിരാജ് അയച്ച മെസേജ് കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുരുതി സിനിമയിലെ ഒരു പാട്ടുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ് സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയിക്ക് അയച്ച വാട്‌സ്ആപ്പ് മെസേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

കുരുതിയിലെ വേട്ടമൃഗമെന്ന ഗാനത്തിന്റെ മൂഡ് എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കാന്‍ വേണ്ടി പൃഥ്വിരാജ് അയച്ച മെസേജ് ജേക്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പൃഥ്വിയുടെ മെസേജില്‍ നിന്നാണ് കുരുതി എന്ന പാട്ടുണ്ടായതെന്നും ജേക്‌സ് പറഞ്ഞിരുന്നു.

ഈ പോസ്റ്റിന് താഴെ പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളാണ് നിറയുന്നത്. പൃഥ്വിരാജ് പറഞ്ഞത് സംഗീതസംവിധായകന്‍ എങ്ങനെ മനസിലാക്കിയെടുത്തുവെന്ന് മനസിലാകുന്നില്ലെന്നാണ് പലരും പറയുന്നത്.

ആദ്യം അയച്ചുകൊടുത്ത ട്യൂണ്‍ കേട്ടശേഷം അത് നന്നായിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒരു ഉപമയിലൂടെ പറയാമെന്നും പൃഥ്വിരാജ് പറഞ്ഞു. അങ്ങനെയാണ് ഈ മെസേജ് അയക്കുന്നതെന്നാണ് ജേക്‌സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

‘ഒരു കലമാനെ സിംഹം വേട്ടായാടുന്നത് സ്ലോ മോഷനില്‍ ആലോചിച്ചുനോക്കൂ. അനിവാര്യമായത് എന്താണെന്നും അത് സംഭവിക്കുമെന്നും നിങ്ങള്‍ക്കറിയാം. പക്ഷെ എന്നാലും, ആ മാനിന് ഓടിരക്ഷപ്പെട്ട് മറഞ്ഞിരിക്കാന്‍ പറ്റുന്ന ഒരു കാട് കിട്ടുമെന്നോ അല്ലെങ്കില്‍ സിംഹം വീണുപോകുമെന്നോ നിങ്ങള്‍ പ്രതീക്ഷിക്കില്ലേ.

ആ കലമാനിന് മുന്നില്‍ ഒരു പ്ലാനുമില്ല. ഓടണമെന്ന് മാത്രമേ അതിനറിയുകയുള്ളു. എത്രത്തോളം വേഗത്തില്‍ പറ്റുമോ അത്രത്തോളം വേഗത്തില്‍ ഓടുക. സിംഹം വളരെ ആത്മവിശ്വാസത്തോടെയാണ് ആ കലമാനെ പിന്തുടരുന്നത്.

കാരണം, ആ കലമാനെയൊക്കെ തോല്‍പ്പിക്കാന്‍ പാകത്തിലാണ് തന്നെ സൃഷ്ടിച്ചിട്ടുള്ളതെന്ന് അതിന് അറിയാം. അങ്ങനെ തന്നെ ചെയ്യുമെന്നും സിംഹത്തിനറിയാം. ഈ കഥയില്‍ വേദനയും നിരാശയും ചേര്‍ത്തുനിര്‍ത്തി നോക്കൂ,’ ഇതാണ് പൃഥ്വിരാജ് ജേക്ക്സിനയച്ച മെസേജില്‍ പറയുന്നത്.

ഇംഗ്ലിഷിലായിരുന്നു പൃഥ്വിയുടെ മെസേജ്. അതു വായിച്ചുമനസിലാക്കാനായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയെടുക്കാന്‍ പോകുകയാണെന്നാണ് ജേക്‌സിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും.

ഇംഗ്ലീഷല്ല ഇവിടുത്തെ വിഷയമെന്നും ഇപ്പറയുന്ന കാര്യമൊക്കെ മനസിലാക്കിയെടുത്ത് ജേക്‌സ് എങ്ങനെ ട്യൂണുണ്ടാക്കി എന്നതാണ് നമ്മള്‍ ആലോചിക്കേണ്ടതെന്നാണ് ചിലരുടെ കമന്റ്.

അതൊന്നുമല്ല, ‘ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ ആണ് ആ ട്യൂണ്‍ ഉണ്ടായത്, ഞാനോ വേട്ടമൃഗം’ എന്ന കമന്റാണ് കൂട്ടത്തില്‍ ഏറ്റവും ചിരി പടര്‍ത്തുന്ന കമന്റ്.

കുരുതിയില്‍ മാമുക്കോയ ചെയ്ത കേന്ദ്രകഥാപാത്രമായ മൂസ ഖാദറിനെ കുറിച്ചുള്ളതാണ് വേട്ടമൃഗം എന്ന ഗാനം. ആഗസ്റ്റ് 15നാണ് ഈ പാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.

വേട്ടമൃഗത്തിന് വേണ്ടി വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സിയ ഉള്‍ ഹഖും രശ്മി സതീഷുമാണ് ഗാനം പാടിയിരിക്കുന്നത്. ആഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കുരുതി സംവിധാനം ചെയ്തിരിക്കുന്നത് മനു വാര്യരാണ്. അനിഷ് പിള്ളയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj’s whatsapp message about Kuruthi movie song goes viral, funny comments