നരച്ച ലുക്കില്‍ പൃഥ്വിരാജ്; 'ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ചാരവൃത്തിയുടെ കഥ' കറാച്ചി 81 ഒരുങ്ങുന്നു
കൊച്ചി: ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ചാരവൃത്തിയുടെ കഥ, ഈ വിശേഷണത്തോടെയാണ് പൃഥിയുടെ പുതിയ സിനിമയായ കറാച്ചി 81 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. ഇന്ത്യയ്‌ക്കെതിരായ പാക് ചാരസംഘടന ഐ.എസ്.ഐയുടെ നീക്കത്തെ തകര്‍ക്കാന്‍ ഇന്ത്യ നടത്തിയ ഏറ്റവും വലിയ ചാര ഓപ്പറേഷനാണ് കറാച്ചി 81 പറയുന്നത്.
പൃഥ്വിരാജിനേയും ടൊവിനോയേയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ് സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍ എന്നിവരാണ്.
1947 ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐ.എസ്.ഐ ഇന്ത്യയില്‍ അക്രമണത്തിന് പദ്ധതി ഒരുക്കിയിരുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗം ഇതിനെ തടുക്കാന്‍ റോയുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച കൗണ്ടര്‍ ഏജന്‍സി കമാന്‍ഡോയുടെ സഹായത്തോടെ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു.
സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരു കൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. ഇതാണ് കറാച്ചി 81 എന്ന ഇന്ത്യകണ്ട ഏറ്റവും വലിയ ചാര വൃത്തിയുടെ കഥ എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്.