| Monday, 7th October 2024, 7:40 pm

എന്തേ... എമ്പുരാനെ ഒഴിവാക്കി ലൈക്ക പോയെന്ന് പറഞ്ഞവർ, ദാ കാണ്; മറുപടിയായി പൃഥ്വിയുടെ പോസ്റ്റ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സും പങ്കാളികളാകുന്നുണ്ട്. ലൈക്ക നിര്‍മിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് എമ്പുരാന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യനായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലൈക്ക എമ്പുരാന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

എന്നാൽ നേരത്തെ ചില സോഷ്യൽ മീഡിയ പേജുകളിലും സിനിമ ഗ്രൂപ്പുകളിലും ലൈക്ക ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതിനൊരു സ്ഥിരീകരണവുമായി മുമ്പോട്ട് വന്നിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൃഥ്വി പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടത്.

ലൈക്ക പ്രൊഡക്ഷനെ പ്രത്യേകം മെൻഷൻ ചെയ്യാനും പൃഥ്വി മറന്നില്ല. ഇതോടെ ആവേശത്തിൽ ആയിരിക്കുകയാണ് മോഹൻലാൽ ആരാധകരുൾപ്പടെയുള്ള സിനിമ പ്രേമികൾ. നിരവധിപേരാണ് ഇതിനോടകം പോസ്റ്റ്‌ ലൈക്ക് ചെയ്തിരിക്കുന്നത്.

അതേസമയം എമ്പുരാന്റെ പുതിയ ഷെഡ്യൂള്‍ ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യു.എസ്, യു.കെ, ദുബായ് എന്നീ വിദേശ ലൊക്കേഷനിലെ ഷൂട്ടിന് ശേഷം ഇന്ത്യയിലേക്കെത്തുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, ഗുജറാത്ത് എന്നിവിടങ്ങളിലെ ഷൂട്ടിന് ശേഷമാണ് എമ്പുരാന്റെ ക്രൂ ഹൈദരാബാദിലെത്തിയിരിക്കുന്നത്.

ലൂസിഫറിന്റെ ആറാം വാര്‍ഷികമായ 2025 മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Content Highlight: Prithviraj’s Instagram Post About Empuran  Movie Lyka Production

We use cookies to give you the best possible experience. Learn more