യുസ്‌റ മാര്‍ദിനിയില്‍ നിന്ന് തന്നെ തുടങ്ങാം. ആരാണ് യുസ്ര മര്‍ദിനി ?
ജനിച്ചത് സിറിയയില്‍. ഇപ്പോള്‍ താമസം ജര്‍മ്മനിയില്‍.
2015 ഓഗസ്റ്റില്‍ സിറിയയില്‍ നടന്ന അഭ്യന്തരയുദ്ധത്തില്‍ യുസ്ര മാര്‍ദിനിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. യുസ്‌റയും കുടുംബവും മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്രാപിച്ചു. സഹോദരി സാറയോടൊപ്പം ബോംബിന്റെയും, ഷെല്ലിന്റെയും, വെടിപ്പുകയുടേയും, ചോരയുടേയും, പകയുടേയും നാട്ടില്‍ നിന്നും പലായനം ചെയ്യുന്നു.
പതിനേഴ് വയസ്സുമാത്രം പ്രായമുള്ള അതിസുന്ദരിയാണ് യുസ്‌റ. സിറിയയില്‍ നിന്നും ലബനിലേക്കും അവിടെ നിന്നും തുര്‍ക്കിയിലേക്കും സഞ്ചാരം വിമാനത്തില്‍.തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് ഒരു ബോട്ടില്‍ കയറി. ആറോ ഏഴോ പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ബോട്ട്. കയറിയത് 20 യാത്രക്കാര്‍.
ബോട്ട് മുക്കിയും മൂളിയും യാത്രയാരംഭിച്ചു. ഗ്രീസിലെത്താന്‍ 45 മിനിട്ടും 10 കിമിയും ശേഷിക്കേ യന്ത്രത്തകരാറില്‍ ബോട്ട് പ്രവര്‍ത്തനരഹിതമായി. നീന്തലറിയാവുന്ന യുസ്റ മാര്‍ദിനി വെള്ളത്തിലേക്ക് എടുത്തുചാടി.യുസ്റയുടെ നീന്തലിന്റെയും ജലപരിചയത്തിന്റെയും ബലത്തില്‍ ബോട്ട് മെല്ലേ മെല്ലേ മുന്നോട്ട് നീങ്ങി.ബോട്ടിലുണ്ടായിരുന്ന സഹോദരി സാറ യുസ്‌റയോട് ബോട്ടില്‍ കയറാന്‍ പലവട്ടം അപേക്ഷിച്ചിട്ടും അവള്‍ വഴങ്ങിയില്ല.
മൂന്ന് മണിക്കൂര്‍കൊണ്ട് ബോട്ട് കരയിലെത്തി. പത്തൊന്‍പത് ജീവനുകളാണ് യുസ്‌റ മാര്‍ദിനിയുടെ ദൃഢനിശ്ചയത്തില്‍ രക്ഷപ്രാപിച്ചത്.
ബോട്ട് ഗ്രീസിലെത്തി.
‘ ഞാന്‍ മുങ്ങിമരിച്ചാല്‍ അതൊരു വലിയ നാണക്കേടായിരിക്കും. കാരണം ഞാനൊരു നീന്തല്‍കാരിയാണ് ‘
എന്നാണ് യുസ്‌റ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. മെഡിറ്ററേനിയന്‍ കടലിലെ സാക്ഷാല്‍ രക്ഷക.
ഗ്രീസില്‍ നിന്നും ജര്‍മനിയിലേക്ക് നടന്നും ബസ്സിലും കള്ളവണ്ടികയറിയും ഭഗീരഥപ്രയത്‌നം നടത്തി അവസാനം ജര്‍മ്മനിയിലെത്തി.
സിറിയയില്‍ ജനിച്ചുവളര്‍ന്ന ഈ നീന്തല്‍ താരം ഇപ്പോള്‍ ജീവിക്കുന്നത് ജര്‍മ്മനിയിലാണ്.
ഇവിടെ എത്തിയ നാള്‍മുതല്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ബര്‍ളിന്‍ പ്രദേശത്തെ ഒളിംബിക്‌സ് നീന്തല്‍കുളത്തില്‍ പരിശീലനവും പിന്നെ അക്കാദമിക തുടര്‍പഠനവും ആരംഭിച്ചു.
2016 റിയോ ഒളിംമ്പിക്‌സ്
യുസ്‌റ ജര്‍മ്മനിയിലെത്തിയിട്ട് കഷ്ടിച്ച് ഒരുവര്‍ഷം. ഒരു അഭയാര്‍ത്ഥിയായ യുസ്‌റ ഒളിംബിക് ടീമില്‍ അംഗമായി. നീന്തല്‍താരം എന്ന പരിവേഷത്തോടെ സ്വിമ്മിംഗ് സൂട്ടണിഞ്ഞു.
ലോകവ്യാപകമായി അഭയാര്‍ത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിയോ ഒളിംബിക്‌സില്‍ മല്‍സരിക്കാന്‍ അന്ന് യുസ്‌റയുള്‍പ്പടെ പലര്‍ക്കും അവസരം കിട്ടി. അഭയാര്‍ത്ഥി ഒളിംബിക്ക് ടീമിന്റെ ലേബലില്‍.
അടുത്ത ടോക്കിയോ ഒളിംബിക്‌സില്‍ മല്‍സരിക്കുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് യുസ്‌റയിപ്പോള്‍.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കുള്ള ഡചഇഒഞ ഗുഡ്വില്‍ അംബാസിഡറാണ് ഇപ്പോള്‍ യുസ്‌റ.
യുസ്ര മാര്‍ദിനി രചിച്ച പുസ്തകമാണ്
‘ ബട്ടര്‍ഫ്‌ളൈ’
പല പതിപ്പുകള്‍ ഇറങ്ങിയ ഈ പുസ്തകം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യുസ്‌റയുടെ ജീവചരിത്രമാണ്.
അഭയാര്‍ത്ഥി മുതല്‍ ഒളിമ്പ്യന്‍വരെയും ബോട്ടിലെ രക്ഷാപ്രവര്‍ത്തനം, പ്രതീക്ഷ, വിജയം എന്നിവയുടെ കഥയാണ്
ബട്ടര്‍ ഫ്‌ലൈ. ലോകമെമ്പാടുമുള്ളഅഭയാര്‍ത്ഥിക്കൂട്ടങ്ങള്‍ക്കുവേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടത്തുകയാണ് യുസ്‌റ മര്‍ദീനിയിപ്പോള്‍.
——–
സിറിയയില്‍ പോകണം.
യൂസ്റ മര്‍ദിനിയാണിപ്പോള്‍ ആ കുഞ്ഞു മനസ്സില്‍. അല്ലിയുടെ(അലംകൃത)
പുതിയ കൗതുകം ഞങ്ങളെ ഞെട്ടിച്ചു -സുപ്രിയ പൃഥ്വിരാജ് – ഇതാണ് വൈറലായ വാര്‍ത്ത.
അല്ലിയുടെ പുതിയ കൗതുകത്തെക്കുറിച്ചാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്.
‘തിരക്കുകള്‍ ഒഴിഞ്ഞ് അച്ഛന്‍ പൃഥ്വിരാജ് വീട്ടില്‍ വന്ന ദിവസമായിരുന്നു അന്ന്.
ഭക്ഷണം കഴിക്കുന്നതിനിടെ പറഞ്ഞ വിശേഷങ്ങളില്‍ തീര്‍ത്തും വിചിത്രമായ ഒരു ആഗ്രഹം മകള്‍ അലംകൃത മുന്നോട്ടു വച്ചു.
സിറിയയില്‍ പോകണം.
കാരണം എന്തെന്ന് ചോദിച്ച അച്ഛനമ്മമാരോട് മകള്‍ പറഞ്ഞത് യൂസ്റ മര്‍ദീനിയെ കുറിച്ചാണ്.
പൃഥ്വിയും സുപ്രിയയും അതാരെന്ന് അറിയാതെ അമ്പരപ്പിലായി. പിന്നെ ആറുവയസ്സുകാരി അവളുടെ അച്ഛനും അമ്മയ്ക്കും യൂസ്റ മര്‍ദീനി ആരെന്ന് പരിചയപ്പെടുത്തി.
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അല്ലി മോള്‍ക്ക് വായിക്കാന്‍ നല്‍കിയ പുസ്തകങ്ങളില്‍ ഒന്നില്‍ നിന്നുമാണ് യൂസ്റ അവളുടെ കുഞ്ഞ് മനസ്സിലേക്ക് കയറുന്നത്.
ഇന്നത്തെ കാലത്തെ ഒരു ആറ് വയസ്സുകാരി എന്തെല്ലാം വിവരങ്ങള്‍ മനസ്സിലാക്കുന്നു എന്ന് സുപ്രിയയ്ക്കും കൗതുകം.
ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്റ തരണം ചെയ്തത്.
‘ ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് ‘ എന്ന പുസ്തകം യൂസ്റയുടെ ജീവിതം പറയുന്ന സമാഹാരമാണ്. ജീവന്‍ പണയം വച്ച് ജീവിതത്തിലേക്കു നീന്തിക്കയറിയ പെണ്‍കുട്ടിയുടെ കഥ ഉള്‍പ്പെട്ട പുസ്തകമാണ്
‘ ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് ‘
അല്ലിക്ക് ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകവും ഇതുതന്നെയാണ് എന്ന് സുപ്രിയ പറയുന്നു.
ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ മകളെ തേടി ജര്‍മ്മനിയി നിന്നും സന്ദേശമെത്തി.
യൂസ്റയെ കാണാനുള്ള മകളുടെ ആഗ്രഹത്തെ കുറിച്ച് സുപ്രിയ യൂസ്റക്ക് സന്ദേശമയച്ചു.
സന്ദേശം കണ്ട യൂസ്റ മറുപടി നല്‍കി.
അല്ലിയോട് ആശംസകള്‍ അറിയിച്ചു.
‘യൂസ്റ മര്‍ദിനി,
അല്ലിക്ക് ഏറെ ഒരു മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിന് നന്ദി. നിങ്ങളുടെ മെസേജും ശബ്ദസന്ദേശവും മറുപടി ലഭിച്ചതിന്റെ ആവേശത്തിലാണവള്‍. തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് അവള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെ എന്നെങ്കിലും നേരിട്ടുകാണാനാകുമെന്ന പ്രതീക്ഷയിലാണവള്‍. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ പ്രചോദനമാകുന്നതില്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ,’ സുപ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
യൂസ്റ മര്‍ദിനിയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. സുപ്രിയയുടെ പോസ്റ്റ് കണ്ടുവെന്നും താന്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധികയാണെന്നും യൂസ്റ സന്ദേശത്തില്‍ വീണ്ടും പറയുന്നുണ്ട്. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഇന്ത്യന്‍ ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നെന്നും യൂസ്‌റ പറഞ്ഞു.
—-
യുസ്‌റ മര്‍ദിനിയെക്കുറിച്ചറിയാതെ അവള്‍ ആരെന്ന് മനസ്സിലാക്കാതെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിന്റെ മകളുടെ ‘സിറിയയില്‍ പോകണം യുസ്‌റയെ കാണണം’ എന്ന ആഗ്രഹത്തെ പുച്ഛത്തോടെ പ്രതികരിച്ചത്.
ചില മാധ്യമങ്ങള്‍ വരെ ദുഷ്ടലാക്കോടെ പൃഥ്വിരാജിന്റെ മകളുടെ ആഗ്രഹത്തെ പുച്ഛിച്ച് വാര്‍ത്തയെഴുതി. പൃഥ്വിരാജിനോട് അസഹിഷ്ണുതയുള്ളവര്‍ അത് മകളില്‍ തീര്‍ത്തു.
എന്തായാലും സിറിയയില്‍ പോയി അലംകൃത യുസ്‌റ മര്‍ദിനിയെ കാണുമെന്ന് തോന്നുന്നില്ല. അവളിപ്പോള്‍ ജര്‍മ്മനിയിലാണ്. യുസ്‌റയ്ക്ക് സിറിയയിലേക്ക് ഇനിയൊരു മടക്കമുണ്ടെന്നും കരുതുന്നില്ല.
എന്തായാലും അലംകൃതയുടെ ആഗ്രഹം ഇന്നല്ലങ്കില്‍ നാളെ സഫലമാകുമെന്ന് ആശിക്കുന്നു.
വരുന്ന ഒളിംബിക്‌സില്‍ യുസ്‌റ നീന്തലില്‍ മെഡലുകള്‍ വാരിക്കൂട്ടട്ടെ എന്നും
ആഗ്രഹിക്കുന്നു.
യുസ്‌റയെക്കുറിച്ചറിയാന്‍ അവസരമുണ്ടാക്കിയ അലംകൃതയ്ക്കും നന്ദി !