| Saturday, 5th March 2022, 8:19 pm

മമ്മൂക്കയുടെ കരിയറിലെ മികച്ച ഘട്ടം ഇനിയാണ് വരാനുള്ളത്; വൈറലായി പൃഥ്വിരാജിന്റെ പഴയ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത കാലത്തിനിടെ തിയേറ്ററുകളെ ഇളക്കിമറിച്ച മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മാസിന് മാസും ക്ലാസിന് ക്ലാസും അണിനിരത്തിയാണ് അമല്‍ നീരദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

നിറഞ്ഞ തിയേറ്ററുകളിലും ആവേശത്തിലാറാടുന്ന പ്രേക്,കര്‍ക്ക് മുമ്പിലും ചിത്രം പ്രദര്‍ശനം തുടരുകയാണ്. റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയാണ് ‘മൈക്കിളപ്പന്‍’ തിയേറ്ററുകളെ അടക്കി ഭരിക്കുന്നത്.

ചിത്രം സിനിമാ ലോകത്തൊന്നാകെ ചര്‍ച്ചയാകുമ്പോള്‍ മറ്റൊരു വീഡിയോയും ഇതിനൊപ്പം തന്നെ വൈറലാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ പിറന്നാളിന് പൃഥ്വിരാജ് ആശംസകള്‍ നേരുന്ന വീഡിയോയാണ് വൈറലാവുന്നത്.

മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേരുന്നതിനൊപ്പം, മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടം വരാന്‍ പോകുന്നേയുള്ളൂ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

‘ഞാനെപ്പോഴും മമ്മൂക്കയെ കാണുമ്പോള്‍ പറയാറുണ്ട്, മമ്മൂക്കയുടെ കരിയറിലെ ഇന്ററസ്റ്റിംഗ് ഫേസാണ് ഇനി തുടങ്ങാന്‍ പോകുന്ന ഘട്ടം എന്ന്. അപ്പോഴൊക്കെ മമ്മൂക്ക ഒരു തമാശ പോലെ അത് ചിരിച്ച് തള്ളും.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പ്രതിഭാധനനായ ആക്ടറിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് ആയ ഫേസ് ഓഫ് ദി കരിയറാണ് ഇനി തുടങ്ങാനുള്ളത്. ഈ പിറന്നാള്‍ ദിനത്തില്‍ എനിക്ക് ആശംസയര്‍പ്പിക്കാനുള്ളതും ഇതു തന്നെയാണ്,’ പൃഥ്വി പറയുന്നു.

അതേസമയം, മൈക്കിളപ്പന്‍ കയറി കൊളുത്തി എന്നാണ് പ്രക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിദേശരാജ്യങ്ങളിലും സിനിമ നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇയില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍ ഭീഷ്മയുടെ വരവോടെ പല തിയേറ്ററുകളില്‍ നിന്നും മാറ്റപ്പെട്ടു.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയും അമല്‍ നീരദും നേരത്തെ ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയത്.

Content Highlight: Prithviraj’s Comment about Mammootty’s career gone viral

We use cookies to give you the best possible experience. Learn more