| Friday, 6th May 2022, 6:57 pm

അരവിന്ദ് സ്വാമിനാഥന്‍ അമിത് ഷായെ ധിക്കരിച്ച സഞ്ജീവ് ഭട്ടോ? ജന ഗണ മനയിലെ ചില സൂചനകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

ഇന്ത്യയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെ പരാമര്‍ശിക്കുന്ന ജന ഗണ മന ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

മുസ്‌ലിം വിരുദ്ധത, ജാതീയ വേര്‍തിരിവുകള്‍, സര്‍വകലാശാലകളിലെ ജാതീയ ഉച്ഛനീചത്വങ്ങള്‍, വോട്ട് രാഷ്ട്രീയം അങ്ങനെ നിരവധി സംഭവങ്ങളാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. ആദ്യഭാഗത്തിന്റെ പകുതിയില്‍ അഭിഭാഷകനായെത്തുന്ന എത്തുന്ന പൃഥ്വിരാജിന്റെ പൂര്‍വചരിത്രം സിനിമയില്‍ കാണിക്കുന്നുണ്ട്. മുമ്പ് ഐ.പി.എസ് ഓഫീസറായിരുന്ന അരവിന്ദ് സ്വാമിനാഥന്‍ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചതുകൊണ്ട് ജയിലില്‍ പോകേണ്ടി വന്ന വ്യക്തിയാണ്.

ഇതിന് ഗുജറാത്ത് ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഔദ്യോഗിക ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് അദ്ദേഹമിപ്പോള്‍. ഗുജറാത്തിലെ ഏറ്റവും മികച്ച പൊലീസ് ഉദ്യേഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് എങ്ങനെയാണ് ജലിയിലെത്തിയത്? ഭരണകൂടം എങ്ങനെ അദ്ദേഹത്തിന് നേരെ തിരിഞ്ഞു?

ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെ ബി.ജെ.പി വേട്ടയാടാന്‍ തുടങ്ങിയത്.

2002ന്റെ അവസാനത്തില്‍, ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ, ഗുജറാത്ത് കലാപം സംഘടിപ്പിക്കുന്നതില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് അയ്യരുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനു മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് ശേഷമുള്ള മാസങ്ങളില്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

2003ല്‍ സഞ്ജീവ് സബര്‍മതി ജയിലിന്റെ സൂപ്രണ്ടായിരിക്കെയാണ് തുളസി റാം പ്രജാപതി എന്നയാളാണ് ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്ന വിവരം അസ്ഗര്‍ അലി എന്ന തടവുപുള്ളി വെളിപ്പെടുത്തുന്നത്.

അസ്ഗറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും കേസ് പുനരന്വേഷിക്കുന്ന നടപടിക്രമങ്ങളെ കുറിച്ചും സഞ്ജീവ് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായ അമിത് ഷായെ അറിയിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെടുന്ന എല്ലാ രേഖകളും ഉടന്‍ തന്നെ നശിപ്പിക്കാനുള്ള നിര്‍ദേശമാണ് അമിത് ഷാ കൊടുത്തത് എന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ സഞ്ജീവ് ഇതിന് വിസമതിക്കുകയും, അസ്ഗര്‍ അലിയുടെ വെളിപ്പെടുത്തലുകളെ കുറിച്ചും, അമിത് ഷായുമായി നടന്ന കത്തിടപാടുകളെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഒറ്റ രാത്രി കൊണ്ട് സഞ്ജീവിനെ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയില്‍ നിന്നും മാറ്റി. എന്നാല്‍ സഞ്ജീവിനെ ചുമതലയില്‍ നിന്നും മാറ്റിയതിന് പിന്നാലെ സബര്‍മതി ജയിലിലെ ആയിരക്കണക്കിന് തടവുകാര്‍ നിരാഹാരമിരിക്കുകയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു.

ഇതെല്ലാം കൊണ്ടു തന്നെ സഞ്ജീവ് ബി.ജെ.പിയുടെയും അമിത് ഷായുടെയും മോദിയുടെയും കണ്ണിലെ കരാടായി മാറിയിരുന്നു.

ഗുജറാത്ത് കലാപക്കേസില്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കുകയും ഗുജറാത്തിലെ അന്നത്തെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തു എന്നാരോപിച്ച് 2015 ല്‍ സഞ്ജീവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മോദി പ്രധാനമന്ത്രിയായതിന് പിന്നാലെയായിരുന്നു സഞ്ജീവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

ഇതിന് പിന്നാലെ നിരന്തരമായ വേട്ടയാടലുകളായിരുന്നു സഞ്ജീവ് ഭട്ടും കുടുംബവും അനുഭവിച്ചത്. 1990ലെ ഒരു കേസുമായി ബന്ധപ്പെടുത്തി 2018ല്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജാംനഗറില്‍ അഡീഷണല്‍ സുപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പിന്നീട് മരിച്ചത് കസ്റ്റഡിയിലെ പീഡനത്തെ തുടര്‍ന്നായിരുന്നു എന്നാണ് കേസ്.

വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് പ്രഭുദാസ് വൈഷ്ണവി ഉള്‍പ്പെടെ 150 പേരെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ മരിക്കുകയായിരുന്നു. ആ കേസിലാണ് 2018ല്‍ ഭട്ടിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ ജാംനഗര്‍ സെഷന്‍സ് ഇദ്ദേഹത്തെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ശ്വേത ഭട്ടും കുടുംബവും നിയമ പോരാട്ടം തുടരുകയാണ്.

Content Highight: prithviraj’s character in jana gana mana is similar to sanjeev bhutt who was the ips officer in gujarat cader

We use cookies to give you the best possible experience. Learn more