| Monday, 11th March 2024, 5:00 pm

ആടുജീവിതം എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സംവിധായകനായോ നിര്‍മാതാവായോ നടനായോ അല്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ്മീറ്റില്‍ ആടുജീവിതം എന്ന സിനിമ തന്റെ കരിയറിലെ ഏറ്റവും പ്രധാന സിനിമകളിലൊന്നായിരിക്കുമെന്നും ജീവിതത്തിലെ പല മാറ്റങ്ങള്‍ക്കും സാക്ഷിയായ സിനിമയാണെന്ന് പറഞ്ഞു. ബ്ലെസി എന്ന സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്താണ് പഠിക്കാന്‍ പറ്റിയതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘പത്തു വര്‍ഷത്തോളമുള്ള ഞങ്ങളുടെ സ്വപ്‌നമാണ് ഈ സിനിമ. ബ്ലെസി സാര്‍ എന്നോട് ഈ കഥ പറഞ്ഞപ്പോള്‍ എന്ന് ഈ സിനിമ ആരംഭിക്കും എന്ന കരുതിയിരുന്ന സ്വപ്നം, ഷൂട്ട് തുടങ്ങിയ ശേഷം ഇതെന്ന് അവസാനിക്കുമെന്ന് കരുതിയ സ്വപ്‌നം റിലീസാകാന്‍ പോവുകയാണ്. ഈ സിനിമ ആരംഭിക്കുമ്പോള്‍ ഞാന്‍ സംവിധായകനായിട്ടില്ല. നടന്‍ എന്ന നിലയില്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് ഞാന്‍ വിവാഹിതനായിട്ടില്ല, അച്ഛനായിട്ടില്ല.

ആടുജീവിതത്തിനിടയില്‍ എന്റെ ജീവിതം ഒരുപാട് മാറി. ഒരു നടനെന്ന നിലയില്‍ ഞാന്‍ ഒരുപാട് ഇവോള്‍വ്ഡ് ആയി. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റം സംഭവിച്ചു. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റം എനിക്ക് സംഭവിച്ചു. ഒരു സംവിധായകനായി, നിര്‍മാതാവായി, വിതരണക്കാരനായി. പക്ഷേ എനിക്ക് തോന്നുന്നത്, ആടുജീവിതം എന്ന സിനിമയുടെ എക്‌സ്പീരിയന്‍സ് എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സംവിധായകനായോ നിര്‍മാതാവായോ നടനായോ അല്ല. ഒരു മനുഷ്യന്‍ എന്ന നിലയിലാകും ഈ സിനിമ എന്നെ സ്വാധീനിക്കുന്നത്.

ആ സ്വാധീനം ഇനി വരാന്‍ പോകുന്ന സിനിമകളിലും മുന്നോട്ടുള്ള എന്റെ ജീവിതത്തിലും സ്വാധീനിച്ചേക്കാം എന്ന് ഞാന്‍ മനസിലാക്കുന്നു. കാരണം ഇതൊരു ലൈഫ് എക്‌സ്പീരിയന്‍സാണ്. നജീബ് എന്ന മനുഷ്യന്‍ അനുഭവിച്ച യാതനകളുമായി ഒരു തരത്തിലും നമ്മുടേതിനെ കമ്പയര്‍ ചെയ്യാന്‍ പറ്റില്ല. പക്ഷേ അതൊരു വലിയ യാത്രയായിരുന്നു. അങ്ങനത്തെ യാത്രയൊന്നും ഇനി ആര്‍ക്കും കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയാണ്, പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj reveals the influence of Aadujeevitham movie in his life

We use cookies to give you the best possible experience. Learn more