ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. നജീബ് എന്ന കഥാപാത്രത്തിനായി 30 കിലോയോളം പൃഥ്വിരാജ് കുറച്ചതും ചര്‍ച്ചയായിരുന്നു.
ബ്ലെസി എന്ന സംവിധായകന്‍ എപ്പോഴും റിയലായി ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണെന്നും, അതുകൊണ്ടാണ് യഥാര്‍ത്ഥ മരുഭൂമിയില്‍ പോയി ചിത്രീകരിച്ചതെന്നും പൃഥ്വി പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യയിലെവിടെയും ഷൂട്ട് ചെയ്യാതെ അത്രയും എഫര്‍ട്ട് എടുത്ത് ജോര്‍ദാനില്‍ പോയി ഷൂട്ട് ചെയ്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു പൃഥ്വി.
‘ബ്ലെസി എന്ന സംവിധായകന്റെ നിര്‍ബന്ധമായിരുന്നു അത്. ടെക്‌നോളജി ഒക്കെ അത്യാവശ്യം വളര്‍ന്നു നിന്ന സമയത്തായിരുന്നു ഈ സിനിമയുടെ ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ചത്. അന്ന് വേണമെങ്കില്‍ ഞങ്ങള്‍ക്ക് ഗ്രീന്‍ മാറ്റില്‍ ഷൂട്ട് ചെയ്യാമായിരുന്നു. പക്ഷേ, എല്ലാം റിയലായി ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് ബ്ലെസി. റിയല്‍ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സിനിമ വിദേശ ലൊക്കോഷനുകളില്‍ ഷൂട്ട് ചെയ്യാതെ ഇന്ത്യക്കുള്ളില്‍ തന്നെ ഷൂട്ട് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ചും ഞങ്ങള്‍ ചിന്തിച്ചു.
ആ സമയത്തെ ആര്‍ട്ട് ഡയറക്ടറായിരുന്ന സുനിലും ടീമും ജയ്‌സാല്‍മീറില്‍ പോയി ലൊക്കേഷനൊക്കെ നോക്കി വെച്ചു. പിന്നെ ഈ സിനിക്ക് കുറേ ആടുകളെയും ഒട്ടകങ്ങളെയും വേണം. ഇവിടെ കാണുന്ന പോലെയുള്ള ആടുകളും ഒട്ടകങ്ങളും കഥയ്ക്ക് ചേരില്ല. അതിനുവേണ്ടി പത്തുമുപ്പത് ആടുകളെയും ഒട്ടകങ്ങളെയും വാങ്ങി അതിനെയൊക്കെ ഇന്ത്യയില്‍ എത്തിക്കാനുള്ള പരിപാടികളും നോക്കി.
ജിദ്ദയിലെ പോര്‍ട്ടുകളില്‍ അതിനെയെല്ലാം എത്തിച്ചു. പക്ഷേ ലാസ്റ്റ് മിനിറ്റില്‍ ലൈവ്‌സ്റ്റോക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്ലിയറന്‍സ് ഞങ്ങള്‍ക്ക് കിട്ടിയില്ല. അതോടുകൂടെ ഇന്ത്യക്കകത്ത് ഷൂട്ട് ചെയ്യാനുള്ള പ്ലാന്‍ ഞങ്ങള്‍ ഉപേക്ഷിച്ചു. അതിന് ശേഷമാണ് ജോര്‍ദനിലും അള്‍ജീരിയയിലും പോയി ഷൂട്ട് ചെയ്തത്’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj reveals that Aadujeevitham planned to shoot in Jaisalmer and it was cancelled