|

ട്രെയ്‌ലറിലെ കുഞ്ഞുവോയ്‌സ് തന്റെ മകളുടെയാണെന്ന് പൃഥ്വി, വിശ്വസിക്കാനാകാതെ ടൊവിനോ, വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ റിലീസായി ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയുടെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ എന്താണെന്ന് തെളിയിക്കാന്‍ പോകുന്ന എമ്പുരാന്റെ ഓഫ്‌ലൈന്‍ പ്രൊമോഷനുകളും തകൃതിയായി നടക്കുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെല്ലാം ചിത്രത്തിന്റെ ക്രൂ പ്രൊമോഷനായി സഞ്ചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പ്രൊമോഷനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചെന്നൈയിലെ പ്രൊമോഷന്‍ നടന്ന തിയേറ്ററില്‍ എമ്പുരാന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരുടെ സാന്നിധ്യം പ്രസ് മീറ്റിലുണ്ടായിരുന്നു.

ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ അതിലെ ചെറിയ കുട്ടിയുടെ ശബ്ദം തന്റെ മകള്‍ അലംകൃതയുടേതാണെന്ന് പൃഥ്വി ടൊവിനോയോട് പറയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ അത് ആദ്യം കേട്ട ടൊവിനോ വിശ്വസിക്കാനാകാതെ ഇരിക്കുന്നതും പിന്നീട് ഒന്നുകൂടി പൃഥ്വിയോട് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എമ്പുരാന്റെ ടീസറിലെ ഇംഗ്ലീഷ് ഗാനം ആലപിച്ചത് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയായിരുന്നു. ആ വരികള്‍ എഴുതിയതാകട്ടെ, പൃഥ്വിരാജും. ടീസര്‍ റിലീസിന് പിന്നാലെ ആ ഗാനം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ട്രെയ്‌ലറിലെ അലംകൃതയുടെ ശബ്ദവും ചര്‍ച്ചയിലാണ്. കുടുംബത്തിലെ എല്ലാവരും ഒരു സിനിമക്കായി വര്‍ക്ക് ചെയ്യുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ പ്രീസെയില്‍ റെക്കോഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. ആദ്യദിവസം തന്നെ ഇതിനോടകം 50 കോടി ബുക്കിങ്ങിലൂടെ മാത്രം എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യദിനം തന്നെ 50 കോടി കളക്ഷന്‍ സ്വന്തമാക്കിയ ആദ്യ മലയാളചിത്രം കൂടിയാണ് എമ്പുരാന്‍. കംപ്ലീറ്റ് പോസിറ്റീവ് റിവ്യൂവാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കില്‍ മലയാളത്തിലെ സകല റെക്കോഡും എമ്പുരാന്‍ സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തില്‍ മാത്രം ഇതിനോടകം 3000ത്തിനടുത്ത് ഷോസ് ചാര്‍ട്ട് ചെയ്തുകഴിഞ്ഞു. രാവിലെ ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് കേരള ബോക്‌സ് ഓഫീസിന് തീയിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. ഐമാക്‌സ് ഫോര്‍മാറ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മലയാളസിനിമ കൂടിയാണ് എമ്പുരാന്‍.

Content Highlight: Prithviraj revealed to Tovino that baby voice in Empuraan trailer sung by his daughter

Video Stories