| Tuesday, 19th March 2024, 12:30 pm

ആടുജീവിതം കോപ്പിയാണെന്ന് ആരോപണം; ആ രണ്ട് സിനിമകളെക്കാള്‍ മുന്നേ നോവല്‍ ഇറങ്ങിയതാണെന്ന് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് ഒരുങ്ങുകയാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഷൂട്ട് തീരാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞയാഴ്ച റിലീസായിരുന്നു. നജീബിന്റെ അതിജീവനത്തിന്റെ തീവ്രത വളരെ മികച്ച രീതിയില്‍ പ്രേക്ഷകരിലെത്തിച്ച ട്രെയ്‌ലറായിരുന്നു പുറത്തുവിട്ടത്. എന്നാല്‍ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ ചിത്രത്തിലെ രംഗങ്ങള്‍ക്ക് ഹോളിവുഡ് ചിത്രം ഡ്യൂണുമായി സാമ്യതയുണ്ടെന്നായിരുന്നു ആരോപണം.

തമിഴ് പ്രേക്ഷകരുടെ ആരോപണം, ധനുഷ് അഭിനയിച്ച മരിയന്‍ എന്ന ചിത്രവുമായി സാമ്യതയുണ്ടെന്നായിരുന്നു. 2013ല്‍ റിലീസായ മരിയനില്‍ ധനുഷ് മരുഭൂമിയിലൂടെ രക്ഷപ്പെടുന്ന രംഗങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. ഈ രണ്ട് ആരോപണങ്ങളോടും പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്. ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

‘ഡ്യൂണുമായും മരിയനുമായും ആടുജീവിതത്തിന് യാതൊരു സാമ്യതയുമില്ല. മരിയന്‍ ഇറങ്ങുന്നത് 2013ലാണ്. അതിനും അഞ്ച് വര്‍ഷം മുന്നേ ആടുജീവിതത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ആരംഭിച്ചിരുന്നു. അപ്പോള്‍ പിന്നെ ഈ ആരോപണത്തിന് പ്രസക്തിയില്ലല്ലോ. അതുപോലെ ഡ്യൂണ്‍ സിനിമയുടെ കോപ്പിയാണെന്ന് പറയുന്നവരുണ്ട്. രണ്ട് സിനിമക്കും ഒര് വിഷ്വല്‍ പാലറ്റായതുകൊണ്ട് അങ്ങനെ പറയുന്നത്. ആടുജീവിതവും ഡ്യൂണും തമ്മില്‍ ഒരൊറ്റ സാമ്യത മാത്രമേയുള്ളൂ. രണ്ടും ഷൂട്ട് ചെയ്തിരിക്കുന്നത് വാദി റം മരുഭൂമിയിലാണ്.

2020ല്‍ ഞങ്ങള്‍ വാദി റം മരുഭൂമിയില്‍ ഷൂട്ടിങ് സമയത്ത് ഡ്യൂണിന്റെ ഛായാഗ്രഹകനും വി.എഫ്.എക്‌സ് സൂപ്പര്‍വൈസറും ആ മരുഭൂമിയില്‍ ലൊക്കേഷന്‍ തെരഞ്ഞെടുക്കാന്‍ വരുന്നത്. അവരെക്കാള്‍ മുന്നേ ഞങ്ങള്‍ അവിടെ ഷൂട്ട് തുടങ്ങിയിരുന്നു. ഇത്തരം വാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കുന്നതിന് പകരം ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കൂ,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj replied to allegation that Aadujeevitham is copy of Dune and Mariyan

Latest Stories

We use cookies to give you the best possible experience. Learn more