|

നടനെന്ന നിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി; സിനിമ തുടങ്ങാനിരിക്കേയുണ്ടായ വിയോഗം ജീവിതത്തിലെ വലിയ നഷ്ടം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതാദാസിന്റെ ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ പൃഥ്വിരാജ്. ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം എന്ന സിനിമയില്‍ അഭിനയിക്കാനായതിനെ കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.

നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസെന്നും അദ്ദേഹവുമായി ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയത് ജീവിതത്തിലെ വലിയ നഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

‘നടനെന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാളായിരുന്നു ലോഹി സര്‍. അദ്ദേഹത്തൊടൊപ്പം ചെയ്ത ആ ഒരൊറ്റ ചിത്രത്തിലൂടെ എന്റെ കഴിവിന്റെ നിരവധി വശങ്ങള്‍ കണ്ടെത്താന്‍ എനിക്ക് സാധിച്ചു.

മറ്റൊരു ചിത്രം ആരംഭിക്കാനിരിക്കേ ലോഹി സര്‍ എന്നന്നേക്കുമായി വിട പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. നിങ്ങള്‍ എന്നെന്നും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും. നിങ്ങളൊരു ഇതിഹാസം തന്നെയാണ്,’ പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.

തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി എത്തിയ ലോഹിതദാസ് 35 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.

1997ലിറങ്ങിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് കാരുണ്യം, ജോക്കര്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയത്ത് 2009ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോഹിതദാസ് മരണപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  Actor Prithviraj remembers  Lohithadas