സലാറും കെ.ജി.എഫ് 2ഉം തമ്മിലുള്ള താരതമ്യങ്ങളെ പറ്റി പ്രതികരിക്കുകയാണ് പൃഥ്വിരാജ്. സലാര്‍ കണ്ട് പത്ത് മിനിട്ടിനുള്ളില്‍ തന്നെ താരതമ്യങ്ങളെ പറ്റി പ്രേക്ഷകര്‍ മറക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സലാറിന്റെ സ്‌കെയ്ല്‍ വളരെ വലുതാണെന്നും അതിന് മുന്നില്‍ കെ.ജി.എഫ് ഒരു കുള്ളനാണെന്നും പൃഥ്വിരാജ് പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സലാറും കെ.ജി.എഫ് 2ഉം തമ്മിലുള്ള താരതമ്യങ്ങള്‍ എനിക്ക് മനസിലാവുന്നുണ്ട്. പ്രശാന്ത് നീലിന്റെ ഒരു വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തില്‍ നിന്നും ഇത്തരം ഒരു ചിത്രം ഞാന്‍ പ്രതീക്ഷിച്ചതേയില്ല. സലാര്‍ കണ്ട് പത്ത് മിനിട്ടിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ താരതമ്യങ്ങളെല്ലാം മറക്കും. സലാര്‍ കെ.ജി.എഫിനെക്കാള്‍ വളരെ വലുതാണ്. അതിന്റെ സ്‌കെയില്‍ വളരെ വലുതാണ്. സലാറിന് മുന്നില്‍ കെ.ജി.എഫ് ഒരു കുള്ളനാണ്.
സലാറിന്റെ സെറ്റിലേക്ക് വന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അപ്പോള്‍ എനിക്ക് സ്വയം ഒരു കുള്ളനായി തോന്നി. തിയേറ്ററില്‍ പ്രേക്ഷകര്‍ ഈ സിനിമ കാണുമ്പോള്‍ അവര്‍ക്കും അതേ ഫീല്‍ ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
സലാറിന്റെ ലോകം ഒരു ഗെയിം ഓഫ് ത്രോണ്‍സ് പോലെയാണെന്ന് ഞാന്‍ പ്രശാന്ത് നീലിനോട് പറഞ്ഞിരുന്നു. അതുപോലെയാണ് സലാറിലെ ഡ്രാമയും കഥാപാത്രനിര്‍മിതിയും. മികച്ച ആക്ഷന്‍ സീക്വന്‍സുകളും ഹീറോ എലവേഷന്‍സുമുള്ള ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് സലാര്‍. എന്നാല്‍ ഈ സിനിമയുടെ കെട്ടുറപ്പായ ഡ്രാമ പാര്‍ട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്,’ പൃഥ്വിരാജ് പറഞ്ഞു.
ഡിസംബര്‍ 22ന് സലാര്‍ റിലീസ് ചെയ്യും. കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍.