കെ.ജി.എഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഹോംബാലെ ഫിലിംസും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കാന്താരക്കായാണ് ഇരു പ്രൊഡക്ഷന്‍ ഹൗസുകളും വീണ്ടും എത്തുന്നത്. ഹോംബാലെ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണത്തിനെത്തിക്കും.
പൃഥ്വിരാജ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘കാന്താര മലയാളം ഉടന്‍ വരുന്നു. കന്നഡ വേര്‍ഷന്‍ കണ്ടുകഴിഞ്ഞപ്പോള്‍ തന്നെ ഇതിന്റെ മലയാളം വേര്‍ഷനും ഇറക്കണമെന്ന് തോന്നി. കേരളത്തിലെമ്പാടും കാന്താരയുടെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്യും, ഒരിക്കലും മിസ് ചെയ്യരുത്,’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.
ഋഷഭ് ഷെട്ടി നായകനായ ചിത്രം സെപ്റ്റംബര്‍ 30നാണ് കര്‍ണാടകയില്‍ റിലീസ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സിനിമ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എത്തിക്കുന്നു എന്ന വാര്‍ത്തയും പ്രേക്ഷകര്‍ക്ക് ഇരട്ടിസന്തോഷമായിരുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഋഷഭ് ഷെട്ടി തന്നെയാണ്. 1990ല്‍ ദക്ഷിണ കര്‍ണാടകയിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കാന്താര പറയുന്നത്. ഫാന്റസിയും ഫിക്ഷനും ചേര്‍ന്ന് പറഞ്ഞിരിക്കുന്ന ചിത്രത്തിന് വാണിജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 16 കോടി മുതല്‍ മുടക്കി നിര്‍മിച്ച ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ നിന്നും 50 കോടി കളക്ട് ചെയ്തിട്ടുണ്ട്.
Content Highlight: prithviraj productions brings a new kannada movie kanthara in kerala produced by hombale films