'ഫോട്ടോ വെച്ച്, തീവ്രവാദത്തെക്കുറിച്ച് പൃഥ്വിരാജ്, എന്നും പറഞ്ഞായിരിക്കും നിങ്ങളുടെ തമ്പ്‌നെയില്‍: ഞാനെന്തിന് നിങ്ങള്‍ക്ക് ക്ലിക്ക്‌ബൈറ്റ് തരണം'
Entertainment news
'ഫോട്ടോ വെച്ച്, തീവ്രവാദത്തെക്കുറിച്ച് പൃഥ്വിരാജ്, എന്നും പറഞ്ഞായിരിക്കും നിങ്ങളുടെ തമ്പ്‌നെയില്‍: ഞാനെന്തിന് നിങ്ങള്‍ക്ക് ക്ലിക്ക്‌ബൈറ്റ് തരണം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st April 2022, 6:55 pm

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്റെതാണ് തിരക്കഥ.

ചിത്രത്തിന്റെ പുറത്തുവന്നിട്ടുള്ള ട്രെയിലറും ടീസറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിപരമായ നിലപാടുകളെക്കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.

സിനിമകളില്‍ പലപ്പോഴും തീവ്രവാദികളായി മുസ്‌ലിം സമുദായത്തില്‍ പെട്ടവരെ ചിത്രീകരിക്കുന്ന വിഷയത്തിലുള്ള പൃഥ്വിരാജിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

”എങ്ങനെയാണ് ഈ വിഷയം നമ്മള്‍ സംസാരിക്കുന്ന സിനിമയുമായി, ജന ഗണ മനയുമായി വിദൂരമായെങ്കിലും ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍, നിങ്ങളുടെ ചാനലിന്റെ തമ്പ്‌നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച്, എന്നും പറഞ്ഞായിരിക്കും അതിന്റെ ഡിസ്‌ക്രിപ്ഷന്‍. ഉറപ്പായിരിക്കും.

അത് തുറന്ന് നോക്കുമ്പോള്‍ ജന ഗണ മനയുടെ അഭിമുഖമായിരിക്കും. പക്ഷെ, ഇതായിരിക്കും തമ്പ്‌നെയിലും ഡിസ്‌ക്രിപ്ഷനും. അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. എന്തിന് ഞാന്‍ നിങ്ങള്‍ക്ക് ആ ക്ലിക്ക്‌ബൈറ്റ് തരണം.

നിങ്ങളുടെ കമ്പനിയില്‍ എനിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടോ, നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ. ഇല്ലല്ലോ.

ഞങ്ങള്‍ നിങ്ങളെ എന്റര്‍ടെയിന്‍ ചെയ്യുകയാണ് ചെയ്യുന്നത്. അത്രയേയുള്ളൂ. ഞങ്ങളെ ദയവ് ചെയ്ത് പിടിച്ച് രാഷ്ട്രീയത്തില്‍ ഒന്നുമിടരുത്.

എനിക്ക് മറ്റുള്ളവരെക്കുറിച്ച് അറിയില്ല, പക്ഷെ രാഷ്ട്രീയത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത ആളാണ്. എനിക്ക് എന്റേതായ വ്യക്തിപരമായ രാഷ്ട്രീയം മാത്രമുള്ള ആളാണ്.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോടും പ്രത്യയശാസ്ത്രത്തിനോടും അനുകമ്പയോ വിധേയത്വമോഇല്ലാത്ത ആളാണ് ഞാന്‍. എനിക്ക് വ്യക്തിപരമായ ശരികള്‍, തെറ്റുകള്‍, നിലപാടുകള്‍ എനിക്കുണ്ട്.

അത് നിങ്ങള്‍ക്ക് ചിലപ്പോള്‍ ശരിയാകില്ലായിരിക്കും. ഞാന്‍ നിങ്ങളുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെട്ട്, നിങ്ങള്‍ എന്നെപ്പോലെ ആകണം എന്ന് ഒരിക്കലും പറയില്ല. ഞാന്‍ നിങ്ങളെപ്പോലെ ആകണം, എന്നും പറയരുത്. അത് അത്രയും സിംപിളാണ്,” പൃഥ്വിരാജ് പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായി സംവിധായകന്‍ ഡിജോ ജോസും സംസാരിച്ചു.

”കഴിഞ്ഞ തവണ ടീസര്‍ ഇറങ്ങിയപ്പോള്‍ ഷാരിസ് പറയുകയാണ്, ഞാന്‍ ശരിക്ക് ഒരു ഫിലിം ലവര്‍ ആണ്. നമ്മള്‍ ഒരു സിനിമ കിട്ടിയാല്‍ അത് മാക്‌സിമം എക്‌സ്‌പ്ലോയിറ്റ് ചെയ്യുക, അതായത് എന്‍ജോയി ചെയ്യുക, പരമാവധി അടിച്ച് പൊളിക്കുക.

ഷാരിസ് പറഞ്ഞു, കഴിഞ്ഞ തവണ ഈ ഡയലോഗ് പറഞ്ഞപ്പോള്‍, റൈറ്റര്‍ ഷാരിസ് മുഹമ്മദ്, ശരി അവനിട്ട് ഇരിക്കട്ടെ, കമന്റില്‍ കുറെ വന്നു.

അപ്പോ അവന്‍ എന്നോട് പറഞ്ഞു, നീ ഡിജോ ജോസ് അല്ലേ, നിനക്ക് കുഴപ്പമില്ല. എനിക്കാണ്. പക്ഷെ, ജന ഗണ മന അങ്ങനെ ആവരുത്. നമ്മള്‍ സിനിമ എന്‍ജോയി ചെയ്യുക,” സംവിധായകന്‍ പറഞ്ഞു.

”ഞാന്‍ പേര് മാറ്റാന്‍ പോകുകയാണ്, ഷാരിസ് ജോസഫ് മുരുകന്‍ (ചിരിച്ചുകൊണ്ട്),” ഷാരിസ് മുഹമ്മദ് പറഞ്ഞു.

”കഥയുടെ ഏതെങ്കിലും ഏരിയയില്‍ ഷാരിസ് പറയുന്നത് എല്ലാം നമ്മള്‍ അതേപടി വെക്കുന്നില്ല. ചര്‍ച്ചയാണ് നടക്കുന്നത്. അത് ശരിയാണോ എന്നൊക്കെ രാജുവിന്റെ അടുത്തും ചര്‍ച്ച ചെയ്യും. ഒരാളുടെ മാത്രം ചിന്തയല്ല ആ സിനിമയില്‍ വന്നിരിക്കുന്നത്. ഇത് പ്യൂര്‍ എന്റര്‍ടെയിന്‍മെന്റ് സിനിമയാണ്,” ഡിജോ ജോസ് ആന്റണി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 28നാണ് ജന ഗണ മന റിലീസ് ചെയ്യുന്നത്.

Content Highlight: Prithviraj on his politics, opinions and reaction to online media during Jana Gana Mana promotion