| Thursday, 31st March 2022, 11:10 am

എമ്പുരാന്‍ ഒരു സാധാരണ സിനിമ; രാജുവേട്ടന്‍ സാധാരണയെന്ന് പറഞ്ഞ് പടം വരുമ്പോള്‍ ഒന്നൊന്നര ഐറ്റമായിരിക്കുമെന്ന് ആരാധകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- മോഹന്‍ലാല്‍- മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കട്ട വെയിറ്റിങ്ങിലാണ് ആരാധകര്‍. ലൂസിഫര്‍ മലയാള സിനിമയില്‍ സൃഷ്ടിച്ചിട്ടുള്ള തരംഗം തന്നെയാണ് രണ്ടാം ഭാഗത്തിന് ഇത്രയും ഹൈപ്പ് ലഭിക്കാന്‍ കാരണം.

എമ്പുരാന്റെ സ്‌ക്രിപ്റ്റിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള പൃഥ്വിരാജിന്റെ കമന്റിന് രസകരമായാണ് ഒരു ആരാധകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

എമ്പുരാന്‍ ഒരു സാധാരണ സിനിമയാണ് എന്നായിരുന്നു തന്റെ പുതിയ സിനിമയായ ജന ഗണ മനയുടെ പ്രൊമോഷനിടെ പൃഥ്വിരാജ് പറഞ്ഞത്. എന്നാല്‍ പൃഥ്വിരാജ് സാധാരണ എന്ന് പറഞ്ഞ പടം പുറത്തുവന്നാല്‍ ഒന്നൊന്നര ഐറ്റമായിരിക്കും എന്നായിരുന്നു ഇതിന് ആരാധകന്റെ കമന്റ്.

”എമ്പുരാന്‍ സ്‌ക്രിപ്റ്റിങ് ഏതാണ്ട് പൂര്‍ത്തിയായി. അതൊരു സാധാരണ സിനിമയാണ്.

സീരിയസ്‌ലി, അതൊരു സാധാരണ കൊമേഷ്യല്‍ പടമാണ്,” പൃഥ്വിരാജ് പറഞ്ഞു.

”രാജുവേട്ടന്‍ സാധാരണ പടം എന്ന് പറയും. വരുമ്പോള്‍ ഒന്നൊന്നര ഐറ്റം ആയിരിക്കും, എമ്പുരാന്‍ ലോഡിങ്,” എന്നാണ് മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ യൂട്യൂബ് ചാനലിലെ വീഡിയോക്ക് താഴെ ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

ജന ഗണ മന ഷൂട്ട് ചെയ്ത സമയത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

”കൊവിഡ് മഹാമാരി തുടങ്ങി നമ്മുടെ ഇന്‍ഡസ്ട്രി മുഴുവന്‍ നിശ്ചലമായി ലോകമെമ്പാടും സ്തംഭിച്ച് നില്‍ക്കുന്ന സമയത്ത്, വീണ്ടും സിനിമാ മേഖല പതുക്കെ പിച്ചവെച്ച് തുടങ്ങാനുള്ള അനുമതി കിട്ടിയ സമയമായിരുന്നു.

അന്നും തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്ന സമയമാണ്. അന്ന്, അതായത് 2020 ഓഗസ്റ്റ് മാസമോ മറ്റോ ഞാന്‍ ആദ്യമായി കേള്‍ക്കുന്ന കഥ ജന ഗണ മനയുടെതാണ്.

ആടുജീവിതം സിനിമയുടെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചെത്തി ആദ്യം കേള്‍ക്കുന്ന കഥ ഇതാണ്. 2020 ഒക്ടോബര്‍ മാസം, ഈ പാന്‍ഡമിക് സമയത്ത് ആദ്യം ഷൂട്ട് തുടങ്ങുന്ന സിനിമയും ജന ഗണ മനയാണ്.

ഷൂട്ട് തുടങ്ങുമ്പോള്‍ തിയേറ്ററുകളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്, ഇനി വേറെ ഏത് സിനിമ ചെയ്താലും, ഏത് സിനിമ ഡയറക്ട് ടു സ്ട്രീമിങ് സര്‍വീസില്‍ റിലീസ് ചെയ്യേണ്ടി വന്നാലും, ഈ സിനിമ, ജന ഗണ മന എത്ര കാത്തിരിക്കേണ്ടി വന്നാലും തിയേറ്ററിലേ റിലീസ് ചെയ്യൂ, എന്നുള്ളത്. അത് അന്ന് തീരുമാനിച്ചതാണ്.

ആ കാത്തിരിപ്പിന്റെ ഭാഗമാണ് ഇതിന്റെ റിലീസ് ഇത്ര വൈകിയത്. പക്ഷെ, ഒടുവില്‍ ഇത് തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ വീണ്ടും അവിടെ 100 ശതമാനം സീറ്റിങ് കപാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ജനങ്ങള്‍ തയാറായി നില്‍ക്കുന്ന ഒരു സാാഹചര്യമുണ്ട്. അതില്‍ ഒരുപാട് സന്തോഷം,” പൃഥ്വിരാജ് പറഞ്ഞു.

ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന.

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ജന ഗണ മന. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. ടീസര്‍ പുറത്ത് വന്നപ്പോഴുള്ളത് പോലെ തന്നെ വ്യക്തമായ രാഷ്ട്രീയമാണ് ട്രെയ്‌ലറിലും പറയുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്‌സ് ബിജോയ്.

Content Highlight: Prithviraj on Empuraan movie and a fan’s funny comment to it

Latest Stories

We use cookies to give you the best possible experience. Learn more