| Tuesday, 27th December 2022, 1:31 pm

മോനേ പൃഥ്വിരാജിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ സൂക്ഷിച്ചോ, മുഖത്ത് പൂച്ചയെ പിടിച്ചിടും, എന്ന് പുള്ളി പറഞ്ഞു; അതിന്റെ വികാരമെന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഒരു ദേഷ്യക്കാരനാണെന്ന് ആളുകള്‍ക്കിടയില്‍ ഒരു ഇമേജുണ്ടായിരുന്നതിനെ കുറിച്ച് നടന്‍ പൃഥ്വിരാജ് സംസാരിക്കുന്നതിന്റെ രസകരമായ ഒരു വീഡിയോ ക്ലിപ്പിങ് ശ്രദ്ധ നേടുന്നു.

പൃഥ്വിരാജിന്റെ പഴയ ഒരഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റെഡ് എഫ്.എമ്മില്‍ നിന്നും അഭിമുഖമെടുക്കാന്‍ കോഴിക്കോടുകാരനായ ഒരു അവതാരകന്‍ വന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

”എനിക്ക് ഭയങ്കരമായി ചിരി വന്നുപോയ ഒരു കോഴിക്കോടന്‍ പ്രയോഗം ഞാന്‍ ഈയിടക്ക് കേട്ടു. റെഡ് എഫ്.എമ്മില്‍ നിന്നും എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. അവതാരകന്‍ ഒരു കോഴിക്കോടുകാരനാണ്.

ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം അവതാരകന്‍ എന്നോട് പറഞ്ഞു, ‘പൃഥ്വീ, ഞാന്‍ ഭയങ്കര സര്‍പ്രൈസ്ഡാണ്’ എന്ന്. എന്താണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞു, ‘ഹോട്ടലില്‍ എത്തിയപ്പോള്‍ പൃഥ്വി എന്നോട് റൂമിലേക്ക് ഇരിക്കാന്‍ പറഞ്ഞു, അഞ്ച് മിനിട്ട് ഞാന്‍ കുളിച്ച് റെഡിയായി വരാം എന്ന് പറഞ്ഞു. കുളിച്ച് വന്നപ്പോള്‍ എനിക്ക് കോഫി തന്നു.

ഏതോ ഒരു ഫ്രണ്ടിനെ കാണാന്‍ വന്ന പോലെയാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ എന്നോട് ഒരാള്‍ പറഞ്ഞത്, മോനേ പൃഥ്വിരാജിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ സൂക്ഷിച്ചോണേ നിന്റെ മുഖത്ത് പൂച്ചയെ പിടിച്ചിടും, എന്നായിരുന്നു.’ എന്ന്.

എനിക്ക് ആ പ്രയോഗം തന്നെ മനസിലായില്ല. മുഖത്ത് പൂച്ചയെ പിടിച്ചിടുമെന്നോ ? എന്ന് ഞാന്‍ ചോദിച്ചു. അതായത് ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് ചൂടാകും എന്നാണ് ഉദ്ദേശിച്ചത് എന്ന് അവതാരകന്‍ പറഞ്ഞു.

ഇത് പറഞ്ഞയാളുടെ മുഖത്ത് ഞാന്‍ എന്നെങ്കിലും പൂച്ചയെ പിടിച്ചിട്ടിട്ടുണ്ടോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. ഇത് പറഞ്ഞയാള്‍ എന്നെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല, എന്നെ യാതൊരു പരിചയവുമില്ല. എന്റെ സിനിമകള്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ എന്നെക്കുറിച്ച് ഒരു ധാരണയോ അറിവോ ഇല്ല.

എന്നിട്ടും ഇങ്ങനെയൊരു അഭിപ്രായം എന്നെക്കുറിച്ച് നടത്താന്‍ തോന്നിയതിന് പിന്നിലെ വികാരമെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരുകാലത്ത് ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ച് ഭയങ്കരമായി ഫ്രസ്‌ട്രേറ്റഡ് ആയ സമയമുണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ അത് ശീലമായി,” എന്നാണ് പൃഥ്വി ഈ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥ്വിയുടെ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അപര്‍ണ ബാലമുരളി, ആസിഫ് അലി, ദിലീഷ് പോത്തന്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Prithviraj old interview talking about a funny experience

We use cookies to give you the best possible experience. Learn more