| Monday, 4th April 2022, 6:44 pm

നിങ്ങള്‍ കണ്ടത് ആടുജീവിതത്തിലെ ലുക്കല്ല, ഒരു സ്റ്റില്ലും ഇതുവരെ പുറത്ത് വിട്ടിട്ടില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ശരീരത്ത പീഡിപ്പിക്കുകയായിരുന്നെന്നും, ഇനി അത് പോലുള്ള സിനിമ കമ്മിറ്റ് ചെയ്യില്ലെന്നും പറയുകയാണ് പൃഥ്വിരാജ്. വെറ്റൈി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ശരീരത്തിന് ആ ഒരു മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി 2008ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അത് പോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്,” പൃഥ്വിരാജ് പറഞ്ഞു.

”വാസ്തവത്തില്‍ ആടുജീവിതത്തിന്റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഫോട്ടോസുകളൊന്നും പുറത്ത് വന്നിട്ടില്ല.

ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിംഗ് മുടങ്ങി അവിടെ സ്റ്റക്കായതിന് ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള ഒരു അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും,” പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’ റിലീസിനൊരുങ്ങുകയാണ്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഷാരിസ് മുഹമ്മദാണ് തിരക്കഥയൊരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ജെക്‌സ് ബിജോയ്. ഈ ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

Content Highlight: Prithviraj no still of aadujeevitham has been released yet

We use cookies to give you the best possible experience. Learn more