സിനിമകള്‍ ഒ.ടി.ടി റിലീസ് ചെയ്യുന്നതില്‍ ആശങ്കപ്പെട്ടിട്ട് കാര്യമില്ലെന്നും തിയേറ്ററുകളിലും ഒ.ടി.ടിയിലും വരും നാളുകളിലും സിനിമ ഉണ്ടാകുമെന്നും നടന്‍ പൃഥ്വിരാജ്. ഒ.ടി.ടിയിലും തിയേറ്ററിലും റിലീസ് ചെയ്യുന്ന സിനിമകള്‍ ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു.
എവിടെ വെച്ച് സിനിമ കാണണമെന്ന് ആരാണ് തീരുമാനിക്കേണ്ടത്. അത് കാണുന്ന ആളുകള്‍ തന്നെയാണ്. ആ ഒരു തെരഞ്ഞെടുപ്പ് നമ്മള്‍ അനുവദിച്ചുകൊടുത്തേ പറ്റുള്ളൂ. ഇനി വരും കാലങ്ങളില്‍ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കപ്പെടും.
ഇനി അടുത്തത് സാറ്റലൈറ്റ് പാര്‍ട്‌ണേഴ്‌സ് ആണ്, അതായത് ചാനലുകളില്‍ പ്രീമിയര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടാകും. ഇതെല്ലാം നിലനില്‍ക്കുകയും ചെയ്യും. ഇതിനെതിരെ ഫൈറ്റ് ചെയ്തതുകൊണ്ടോ ബാന്‍ ചെയ്തതുകൊണ്ടോ ഇത് നില്‍ക്കാന്‍ പോകുന്നില്ല. ഇതൊരു സ്വാഭാവിക മാറ്റം മാത്രമാണ്.
ഒ.ടി.ടിയില്‍ വന്നാല്‍ തിയേറ്ററുകള്‍ പൂട്ടിപ്പോകില്ലേ എന്നുള്ള ഒരു ആശങ്കയൊക്കെ ഈ ഘട്ടത്തില്‍ ഉണ്ടാകും. ഇപ്പോള്‍ അണ്‍ സ്ട്രക്‌ചേര്‍ഡ് ആയി കിടക്കുകയാണ്. ആരൊക്കെയോ എന്തൊക്കെയോ എടുക്കുന്നു. എവിടെയൊക്കെയോ റിലീസ് ചെയ്യുന്നു. എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ സ്വാഭാവികമായി ഇതിനൊരും സ്ട്രക്ചര്‍ ഉണ്ടാകും.
‘ഇത്തരം സിനിമകള്‍ അവിടെ, ഇത്തരം സിനിമകള്‍ ഇവിടെ’ എന്ന രീതിയില്‍. അപ്പോള്‍ സ്വാഭാവികമായും കോംപറ്റീഷന്‍ കൂടും. അതിന്റെ ഏറ്റവും വലിയ ഉപഭോക്താവ് എന്ന് പറയുന്നത് കസ്റ്റമര്‍ ആണ്.
ഇപ്പോള്‍ ഞാന്‍ ഈ പറഞ്ഞതിന് ഒരു പ്രവചനത്തിന്റെ സ്വഭാവമേയില്ല. ഇനിയൊരു നാല് വര്‍ഷം കഴിഞ്ഞിട്ട് ഏതെങ്കിലും ഒരു ചാനലില്‍ ഒരു സിനിമ പ്രീമിയര്‍ ചെയ്യുമ്പോള്‍ ‘ചാനലില്‍ സിനിമ റിലീസ് ചെയ്യുമെന്ന് ഇല്യുമിനാറ്റി പൃഥ്വിരാജ് അന്ന് പറഞ്ഞു, എന്ന് പറഞ്ഞ് വാര്‍ത്ത വരും(ചിരി), പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj New Prediction on Movie release