|

'കൊട്ട മധു' ഇറങ്ങാന്‍ കാത്ത് 'ഡബിള്‍ മോഹനന്‍'; വിലായത്ത് ബുദ്ധയുടെ മേക്കിങ്ങ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് അറിയിച്ചു.

ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരം എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകനെയും വീഡിയോയില്‍ കാണുന്നുണ്ട്. ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. തുടര്‍ന്ന് ജയന്‍ നമ്പ്യാര്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. സച്ചിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജയന്‍ നമ്പ്യാര്‍.

മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്.

ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്ദീപ് സേനന്‍ ആണ് നിര്‍മാണം. കാന്താര, 777 ചാര്‍ലി, ബെല്‍ ബോട്ടം എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അരവിന്ദ് കശ്യപ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത്, ഇപ്പോള്‍ തിയറ്ററുകളിലുള്ള കാപ്പ, ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ഇന്ദു ഗോപന്‍ തന്നെയായിരുന്നു.

content highlights: prithviraj movie vilayath budha making video released